ലക്‌നൗ: ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എ നിര്‍വേന്ദ്ര കുമാര്‍ മുന്നയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഇദ്ദേഹത്തിന്റെ മകന്‍ സഞ്ജീവ് കുമാര്‍ മുന്നയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഖിപൂര്‍ ഖേരിയിലെ
ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് വഴി വച്ചത്. കിഷന്‍ കുമാര്‍ ഗുപ്ത എന്നയാളുടെ നേതൃത്വത്തിലെത്തിയ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. മൂന്ന് തവണ എംഎല്‍എ ആയ വ്യക്തിയാണ് നിര്‍വേന്ദ്ര കുമാര്‍.1989 ല്‍ നിഘാസന്‍ മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1991 ലും 93 ലും സമാജ്വാദി പാര്‍ട്ടി ടിക്കറ്റിലാണ് വിജയിച്ചത്.
നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള ഭൂമി തര്‍ക്കമാണിത്. ഞായറാഴ്ച കിഷന്‍ കുമാറിന്റെ സംഘം ഭൂമി പിടിച്ചെടുക്കുന്നതിനായി സ്ഥലത്തെത്തി. മുന്‍ എംഎല്‍എയും മകനും ചേര്‍ന്ന് ഇതിനെ എതിര്‍ത്തതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. അതേസമയം, സംസ്ഥാനത്തെ ജംഗിള്‍ രാജ് ഭയാനകമായ അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്ന് യു.പി. കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.