ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കൈനകരി സെന്റ് മേരീസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് ഒരാഴ്ച കൂടി തുടരാന്‍ ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍ദ്ദേശിച്ചു. ഒരാഴ്ചക്ക് ശേഷം മടവീഴ്ചയുടെ പുരോഗതി വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. കുട്ടനാട്ടിലെ മടവീണ പാടശേഖരങ്ങളിലെ സ്ഥിതിഗതിഗതികള്‍ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.
കൈനകരിയിലെ വലിയതുരുത്ത്, ആറുപങ്ക്, പരുത്തിവളവ്, ചെറുകാലികായല്‍ എന്നീ മട വീണ പടശേഖരങ്ങളും കൃഷി ചെയ്തിരുന്ന ഉതിമട പുനാപുറം പാടശേഖരത്തിലെ മഴക്കെടുതിയും കളക്ടര്‍ നേരില്‍ കണ്ട് വിലയിരുത്തി. ചിത്തിരക്കായലും കളക്ടര്‍ സന്ദര്‍ശിച്ചു. മട വീണ് വീടും സ്ഥലവും നഷ്ടമായവരെയും നിലവില്‍ ക്യാമ്പില്‍ താമസിക്കുന്ന 13 കുടുംബങ്ങളിലെ 52 ആളുകളെയും സന്ദര്‍ശിച്ചു കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ക്യാമ്പില്‍ കഴിഞ്ഞിരുന്ന കൂട്ടിരുപ്പുകാര്‍ ഇല്ലാത്ത പ്രായമായ ഒരു സ്ത്രീയെ സാമൂഹിക ക്ഷേമ വകുപ്പുമായി ചേര്‍ന്ന് അഗതിമന്ദിരത്തിലേക്ക് മാറ്റാനും കളക്ടര്‍ നിര്‍ദേശിച്ചു.
കുട്ടനാട് തഹസില്‍ദാര്‍ റ്റി. ഐ. വിജയസേനന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സുഭാഷ്, ചമ്പക്കുളം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അജു ജോണ്‍ മത്തായി എന്നിവര്‍ കളക്ടറെ അനുഗമിച്ചു. ക്യാമ്പില്‍ കൈനകരി തെക്ക് വില്ലേജ് ഓഫീസര്‍ ലയ, കൈനകരി വടക്ക് വില്ലേജ് ഓഫീസര്‍ വിദ്യ വി നായര്‍, ഗ്രാമപഞ്ചായത്ത് അംഗം വിനോദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7581/flood-relief-camp.html