കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഫര്‍ണിച്ചറുകള്‍ എത്തിച്ചുതുടങ്ങി

പത്തനംതിട്ട: ഉദ്ഘാടനത്തിന് തയാറെടുക്കുന്ന കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഫര്‍ണിച്ചറുകള്‍ എത്തിച്ചുതുടങ്ങി. സിഡ്‌കോയാണ് ഫര്‍ണിച്ചറുകള്‍ എത്തിച്ച് നല്‍കുന്നത്. റാക്ക്, ഹോസ്പിറ്റല്‍ കോട്ട് ബഡ്, ബഡ് സൈഡ് ലോക്കര്‍, അലമാര, വാട്ടര്‍ ബിന്‍, ഇന്‍സ്ട്രുമെന്റ് ട്രോളി, വീല്‍ ചെയര്‍, വേസ്റ്റ് ബിന്‍, പേഷ്യന്റ് സ്റ്റൂള്‍ തുടങ്ങിയവയാണ് എത്തിയത്. ബാക്കിയുള്ള ഉപകരണങ്ങളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ എത്തിക്കും. ഉദ്ഘാടനത്തിന് മുന്‍പായി ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ച് സജ്ജീകരിക്കാനുള്ള പ്രവര്‍ത്തമാണ് നടന്നുവരുന്നത്. 

കെ. യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും മെഡിക്കല്‍ കോളജിനായി അനുവദിച്ച ഒരു കോടി രൂപയില്‍ 73,69,306 രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. എക്‌സ് റേ മെഷീന്‍, ഓട്ടോമാറ്റിക്ക് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, ഹീമറ്റോളജി അനലൈസര്‍, ഫാര്‍മസിക്കുള്ള റഫ്രിജറേറ്റര്‍, ഇസിജി മെഷീന്‍, അള്‍ട്രാസൗണ്ട് സ്‌കാനര്‍, ഇലക്ട്രിക്കലായി ഓപ്പറേറ്റ് ചെയ്യുന്ന ഡെന്റല്‍ ചെയര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ എംഎല്‍എ ഫണ്ടില്‍ നിന്നും ലഭ്യമാകും. നിര്‍വഹണ ഉദ്യോഗസ്ഥനായി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി കളക്ടര്‍ ഉത്തരവായിട്ടുണ്ട്. മൂലധന സ്വഭാവത്തിലുള്ള മറ്റ് ഉപകരണങ്ങളും എംഎല്‍എ ഫണ്ടില്‍ നിന്നും വാങ്ങി നല്‍കും.

മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും, ഉദ്ഘാടന തീയതി ഉടന്‍ തന്നെ തീരുമാനമാകുമെന്നും കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7588/Konni-Govt.-Medical-collage.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →