റഷ്യൻ പ്രതിപക്ഷ നേതാവ് നവാൽനി രാസായുധ പ്രയോഗത്തിൻ്റെ ഇരയെന്ന് ജർമനി, പിന്നിൽ പുടിനെന്നും ആരോപണം

ബെർലിൻ: ഗുരുതരാവസ്​ഥയിൽ ചികിത്സയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നവാൽനിയ്ക്കെതിരെ രാസായുധ പ്രയോഗം നടന്നതായി ജർമനി. ‘കോമാ’ സ്ഥിതിയിൽ ബർലിനിലെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലാണ് അലക്സി നവാൽനി. തങ്ങൾ നടത്തിയ പരിശോധനയിൽ അദ്ദേഹത്തി​ൻ്റെ ശരീരത്തിൽ നിന്നും റഷ്യൻ നിർമിത രാസവസ്​തുക്കൾ കണ്ടെത്തിയതായാണ് ജർമൻ അധികൃതർ വ്യക്തമാക്കുന്നത്. റഷ്യൻ പ്രസിഡൻറ്​ വ്ലാദിമർ പുട്ടിനെ പ്രതിസന്ധിയിലാക്കുന്ന ഗുരുതരമായ ​വെളിപ്പെടുത്തലാണ്​ ഇപ്പോൾ ജർമനി നടത്തിയിരിക്കുന്നത്​.

തങ്ങളുടെ കണ്ടെത്തലുകൾ നാറ്റോയെയും യൂറോപ്യൻ യൂണിയൻ പങ്കാളികളെയും അറിയിക്കുമെന്നും കേസിൽ സംയുക്ത പ്രതികരണം തേടുമെന്നും ജർമ്മൻ സർക്കാർ അറിയിച്ചു.

1970 കളിൽ സോവിയറ്റ്​ യൂണിയൻ വികസിപ്പിച്ച രാസായുധമായ ‘നോവിഷോക് ‘ ആണ് നവാൽനിയുടെ ശരീരത്തിൽ നിന്ന്​ ജർമനി കണ്ടെത്തിയത്​. നാഡീ സംവിധാനത്തെ തകർക്കുന്ന ഇത്തരം രാസായുധങ്ങൾ വിമതർക്കെതിരെ റഷ്യ പ്രയോഗിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ട്​. മുൻ റഷ്യൻ ചാരനെതിരെ 2018 ൽ ബ്രിട്ടനിൽ ഇത്തരം രാസായുധ പ്രയോഗം നടന്നിരുന്നു.

റഷ്യൻ പ്രസിഡൻറ്​ വ്ലാദിമർ പുട്ടി​ൻ്റെ പ്രധാന വിമർശകനാണ്​ 44 കാരനായ അലക്​സി നവാൽനി. പുടിൻ്റെ അനുയായികളിൽ നിന്ന്​ നിരവധി ആക്രമണങ്ങൾക്ക് നവാൽനി ഇരയായിട്ടുണ്ട്​. രാസവസ്​തു മുഖത്തേക്ക്​ എറിഞ്ഞതിലൂടെ നവാൽനിയുടെ ഒരു കണ്ണി​ൻ്റെ കാഴ്ച നേരത്തെ നഷ്​ടപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം റഷ്യയിലെ സൈബീരിയൻ മേഖലയിലെ ടോംസ്​കിൽ നിന്ന്​ മോസ്​കോയിലേക്കുള്ള വിമാനയാത്രക്കിടെയാണ്​ നവാൽനി അവശനിലയിലായത്​. വിമാനം ടോംസ്​കിലേക്ക്​ തന്നെ തിരിച്ചു വിടുകയും അദ്ദേഹത്തെ ആശുപത്രിയിൽ ​പ്രവേശിപ്പിക്കുകയുമായിരുന്നു. അന്നുമുതൽ അതിഗുരുതരാവസ്​ഥയിലാണ്​ നവാൽനി. മൂന്ന്​ ദിവസം ഇവിടെ ആശുപത്രിൽ കഴിഞ്ഞ അദ്ദേഹത്തെ അനുയായികളുടെ സമ്മർദത്തിനൊടുവിൽ ജർമനിയിലെ ബെർലിനിലെ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. നിരോധിതമായ ഈ നാഡീവിഷം എങ്ങനെ അദ്ദേഹത്തിൻ്റെ ശരീരത്തിലെത്തി എന്നു വിശദീകരിക്കാൻ റഷ്യക്ക്​ ബാധ്യതയുണ്ടെന്ന്​ ജർമൻ ചാൻസ്​ലർ ആഞ്ചലാ മെർക്കൽ പറഞ്ഞു.

പുടി​ൻ്റെ നിർദേശമനുസരിച്ച്​ ടോംസ്​കിലെ വിമാനതാവളത്തിൽ ചായയിൽ കലർത്തി വിഷം നൽകുകയായിരുന്നുവെന്നാണ്​ നവാൽനിയുടെ അനുയായികൾ ആരോപിക്കുന്നത്​.

Share
അഭിപ്രായം എഴുതാം