കണ്ണൂര്‍: കേളകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രതി പെരുവ സ്വദേശി ബിബിനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് കൊട്ടിയൂര്‍ താഴെ മന്തഞ്ചേരി കോളനിയിലെ ശോഭയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിബിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അല്‍പസമയം മുമ്പാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശോഭയുടെ നിരവധി ആഭരണങ്ങള്‍ ബിബിന്‍ പണയപ്പെടുത്തിയിരുന്നു. ഈ ആഭരണങ്ങള്‍ ശോഭ തിരികെ ചോദിച്ചതാണ് ബിബിനെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ശോഭയെ പ്രതി ആളൊഴിഞ്ഞ കശുമാവിന്‍ തോട്ടത്തിലേക്ക് വിളിച്ചുവരുത്തി, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം കയറില്‍ കെട്ടിത്തൂക്കുകയുമായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 24 നാണ് ശോഭയെ കാണാതായത്. ശോഭയുടേത് ആത്മഹത്യയാണെന്നായിരുന്നു ബന്ധുക്കളെല്ലാം വിശ്വസിച്ചിരുന്നത്. എന്നാല്‍ വീട്ടില്‍ നിന്ന് ഏറെ ദൂരെയുള്ള കശുമാവിന്‍ തോട്ടത്തില്‍വെച്ച് ശോഭയുടെ മൃതശരീരം കണ്ടെത്തിയത് പൊലീസിന് സംശയമുണ്ടാക്കി. തുടര്‍ന്ന് ശോഭയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ബിബിനുമായുള്ള ബന്ധം കണ്ടെത്തുന്നത്.