മെസ്സിയെ ഫ്രീ ട്രാൻസ്ഫറിൽ വിടാൻ ബാഴ്സയ്ക്ക് സമ്മതം, പക്ഷേ വരുന്ന സീസണിൽ മറ്റാർക്കുവേണ്ടിയും കളിക്കരുത്

ബാഴ്‌സലോണ: ലയണൽ മെസ്സിയെ നിബന്ധനകള്‍ക്കു വിധേയമായി ഫ്രീ ട്രാൻസ്ഫറിൽ പോകാൻ അനുവദിക്കാമെന്നു ബാഴ്‌സലോണ അധികൃതര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട് .

കരാര്‍ കാലാവധി കഴിയാതെ താരത്തെ വിടില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ ബാഴ്‌സ അധികൃതര്‍. ഫ്രീ ട്രാന്‍സ്‌ഫറില്‍ വിടണമെന്നാണു മെസ്സി ആവശ്യപ്പെടുന്നതെങ്കിലും 700 ദശലക്ഷം യൂറോയ്‌ക്കല്ലാതെ ടീം വിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ബാഴ്‌സലോണ. ലാലിഗയും ബാഴ്സയ്ക്കൊപ്പമായിരുന്നു.

എന്നാൽ പുതിയ റിപ്പോര്‍ട്ട്‌ പ്രകാരം ഫ്രീ ട്രാന്‍സ്‌ഫറില്‍ മെസ്സിയെ വിടാന്‍ ബാഴ്‌സലോണ സമ്മതിച്ചേക്കും. ഫ്രീ ട്രാൻസ്ഫറിനായി കർശന നിബന്ധനകളാണ് ക്ലബ്‌ മെസ്സിയ്ക്കു മുന്നിൽ വച്ചിട്ടുള്ളത്. 2020-21 സീസണില്‍ ബാഴ്‌സലോണയ്‌ക്കുവേണ്ടി കളിച്ചില്ലെങ്കില്‍ മറ്റൊരു ടീമിനുവേണ്ടിയും കളിക്കാതെ പുറത്തിരിക്കണമെന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. രണ്ടാമത്തെ വ്യവസ്ഥ ഈ വര്‍ഷം ഉടമ്ബടിപ്രകാരമുള്ള പ്രതിഫലം ക്ലബില്‍നിന്നു നല്‍കില്ലെന്നതാണ്.

ഈ രണ്ട് നിബന്ധനകളും അനുസരിച്ചാല്‍ അടുത്ത വര്‍ഷം കരാര്‍ അവസാനിക്കുന്നതോടെ ഫ്രീ ട്രാന്‍സ്‌ഫറില്‍ താരത്തിനു ക്ലബ്‌ വിടാം. 2017ല്‍ പുതുക്കിയ കരാര്‍ പ്രകാരം സീസണ്‍ അവസാനിക്കുമ്പോള്‍ ക്ലബ്‌ വിടാന്‍ മെസ്സിക്ക്‌ അനുവാദമുണ്ട്‌. ജൂണ്‍ 10 വരെയായിരുന്നു ഈ കരാര്‍ കാലാവധി. കോവിഡ്‌ മൂലം സീസണ്‍ നീണ്ടുപോയതോടെ ട്രാന്‍സ്‌ഫര്‍ നടന്നില്ല. നിലവില്‍ മെസിയെ വാങ്ങണമെങ്കില്‍ 700 മില്യണ്‍ യൂറോ (ഏകദേശ്‌ 6000 കോടി രൂപ) നല്‍കണം.

ക്ലബ്‌ മാറ്റം സംബന്ധിച്ച്‌ ചര്‍ച്ചക്ക്‌ അഭിഭാഷകര്‍ മുഖേന മെസ്സി ക്ലബ്ബിനെ സമീപിച്ചെങ്കിലും ക്ലബ്ബില്‍ തുടരുന്നതു സംബന്ധിച്ച ചര്‍ച്ചയ്‌ക്കു മാത്രമെ തയ്യാറുള്ളു എന്ന നിലപാടിലാണു ബാഴ്‌സലോണ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →