ന്യൂഡൽഹി : ചൈനീസ് പട്ടാളം നിയന്ത്രണരേഖ മറികടക്കാൻ ശ്രമിച്ച കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാക പ്രദേശത്തെ സൈനിക വിന്യാസം ഇന്ത്യ ശക്തിപ്പെടുത്തി.
ഈ ഭാഗത്തെ ചൈനീസ് വായുസേനയുടെ പ്രവർത്തനങ്ങൾ സസൂക്ഷ്മം ഇന്ത്യൻ വ്യോമസേന നിരീക്ഷിച്ചു വരികയാണ്. ഇതിനായി നിരീക്ഷണ പറക്കലുകൾ ഊർജിതമാക്കിയതായാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. 2020 ജൂൺ മുതൽ സുഖോയ് 30 , ജാഗ്വാർ, മിറാഷ് 2000 യുദ്ധവിമാനങ്ങൾ ലഡാക്ക് മേഖലയെ ലക്ഷ്യമാക്കി വിന്യസിച്ചിട്ടുണ്ട്.
പാങ്കോങ് മേഖലയെ ലക്ഷ്യമാക്കി ചൈനയും ആയുധ വിന്യാസം നടത്തുന്നതായി റിപ്പോർടുകളുണ്ട്. കിഴക്കൻ ലഡാക്കിന് 310 കിലോമീറ്റർ ദൂരപരിധിയിലുള്ള ചൈനയുടെ ഹോടാൻ വ്യോമത്താവളത്തിൽ ജെ-20 ദീർഘദൂര ഫൈറ്റർ ജെറ്റുകളുൾപ്പടെ വിന്യസിച്ചിട്ടുണ്ട്.

