ന്യൂഡല്‍ഹി: സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ സ്വകാര്യ ടെലി കോം കമ്പനികള്‍ക്ക് 10 വര്‍ഷത്തെ സാവകാശം അനുവദിച്ച് സുപ്രീംകോടതി.1.6 ലക്ഷം കോടി രൂപയോളം വരുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂവാണ് സര്‍ക്കാരിലേക്ക് ടെലിക്കോം കമ്പനികള്‍ അടയ്ക്കാനുള്ളത്. വോഡഫോണ്‍- ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലി സര്‍വീസസ് തുടങ്ങിയ കമ്പനികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കുടിശ്ശിക അടയ്ക്കാന്‍ 20 വര്‍ഷത്തെ സാവകാശം ആവശ്യപ്പെട്ടുകൊണ്ട് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. അടുത്ത വര്‍ഷം മാര്‍ച്ച് 31 നകം കുടിശ്ശികയുടെ 10 ശതമാനം അടയ്ക്കണം.
അവശേഷിക്കുന്ന തുകയുടെ ഒരുഭാഗം എല്ലാവര്‍ഷവും ഫെബ്രുവരി ഏഴിനകം നല്‍കണമെന്നും കുടിശ്ശിക അടയ്ക്കുന്നതില്‍ വീഴ്ചവരുത്താന്‍ അനുവദിക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.തിരിച്ചടവില്‍ വീഴ്ചവരുത്തിയാല്‍ പിഴയും കോടതിയലക്ഷ്യനടപടികളും നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.കുടിശിക നല്കുന്നതു സംബന്ധിച്ചും വ്യക്തിഗത ഗ്യാരന്റി സംബന്ധിച്ചും നാലാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം കമ്പനികളുടെ എംഡിമാരോ സിഇഒമാരോ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

