റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെള്ളക്കെട്ട് ഒഴിവാക്കാന്‍ കച്ച കെട്ടിയിറങ്ങി തൃശൂര്‍ എടത്തിരുത്തി;തോട് ശുചീകരണം മാസ്സായി

August 11, 2020 - 5:21 pm

തൃശൂര്‍ : കനത്ത മഴ പെയ്താല്‍ സ്ഥിരമായി ഉണ്ടാകുന്ന വെള്ളക്കെട്ടിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങി എടത്തിരുത്തി പഞ്ചായത്ത്. തോട് ശുചീകരണം എന്ന ജനകീയ കൂട്ടായ്മാ പ്രവൃത്തിയിലൂടെ വെള്ളക്കെട്ടെന്ന സ്ഥിരം തലവേദനയില്‍ നിന്ന് മോചനം നേടിയിരിക്കുകയാണ് എടത്തിരുത്തി. പഞ്ചായത്തിലെ പ്രധാന തോടായ ചിറക്കല്‍ചെറുപുഴയിലെയും ഉപതോടുകളിലെയും മാലിന്യം നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയതോടെയാണിത്.

കഴിഞ്ഞ രണ്ടു പ്രളയ കാലവും എടത്തിരുത്തിക്ക് തീരാദുരിതമാണ് സമ്മാനിച്ചത്. മഴ മാറിയാലും വെള്ളക്കെട്ട് ഒഴിവായിരുന്നില്ല. പ്രധാനമായും കോഴിത്തുമ്പ് കോളനി, അയ്യംപടി കോളനി, കനോലി കനാല്‍ പരിസരം, ഏറാക്കല്‍, മധുരംപിള്ളി എന്നീ പ്രദേശങ്ങളിലാണ് സ്ഥിരമായി വെള്ളക്കെട്ട് ഭീഷണി നേരിട്ടിരുന്നത്. പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തരനടപടിയെടുക്കാന്‍ ജലസേചന ഉദ്യോഗസ്ഥരോട് കലക്ടര്‍ എസ് ഷാനവാസ് ആവശ്യപ്പെട്ടിരുന്നു. പ്രളയ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയുടെ ഭൂരിഭാഗവും തോടുകളുടെ നവീകരണത്തിനും ശുചീകരണത്തിനുമായാണ് ചെലവഴിച്ചത്. 35 ലക്ഷം രൂപയാണ് മൊത്തം തോടുകളുടെയും പുനരുദ്ധാരണത്തിനായി പഞ്ചായത്ത് ചെലവഴിച്ച തുക. ഇതില്‍ ചിറക്കല്‍ ചെറുപുഴ തോട് വൃത്തിയാക്കാനായി 10,26000 രൂപയാണ് പഞ്ചായത്ത് അനുവദിച്ചു. ഉപ തോടുകളായ നമ്പ്രാട്ടിത്തോട് വൃത്തിയാക്കലിന് 2,65,000, അറപ്പ തോട്2,60,000, മാലോട് തോട്1,31,000, കരിപ്പത്തോട്1,06,000, തേവര്‍ തോട്2,14,000, ചൂലൂര്‍ ചിറ10,00,000, തീപ്പാറ്റ്കുളം മുതല്‍ അയ്യങ്കുഴി പാലം വരെയുള്ള തോട് വൃത്തിയാക്കലിന് 4,23,600 എന്നിങ്ങനെയാണ് ചെലവഴിച്ചത്.

18 വാര്‍ഡുകളുള്ള എടത്തിരുത്തിയിലെ എട്ട് വാര്‍ഡുകളിലൂടെയാണ് ചിറക്കല്‍ ചെറുപുഴ തോട് ഒഴുകുന്നത്. ഇതില്‍ ഒരു വാര്‍ഡില്‍ മാത്രമാണ് ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ളത്. ഈ വാര്‍ഡിലും പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അറിയിച്ചു.

ആദ്യഘട്ടത്തില്‍ തോട്ടിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയാണ് ചെയ്യുന്നത്. തോടിന്റെ നീരൊഴുക്ക് തടസ്സപ്പെട്ടത് പ്രദേശത്ത് വെള്ളക്കെട്ടിന് കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന പരാതികള്‍ക്ക് പുനരുദ്ധാരണ പ്രവൃത്തിയിലൂടെ പരിഹാരം കാണാനായി. തോടുകളുടെ ആഴവും വീതിയും കൂട്ടി വൃത്തിയാക്കി. ഇതോടെ ഒഴുക്ക് സുഗമമായി. ഇത്തവണ പെയ്ത മഴയില്‍, ഒരു തോര്‍ച്ചയില്‍ താണ് പോകുന്ന പെയ്ത്ത് വെള്ളം ചില പ്രദേശങ്ങളില്‍ കെട്ടി നിന്നുവെന്നല്ലാതെ കടുത്ത വെള്ളക്കെട്ട് പഞ്ചായത്തിനെ ബാധിച്ചില്ല എന്നതാണ് തോട് ശുചീകരണത്തിലൂടെ പഞ്ചായത്ത് നേടിയ വിജയം.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6981/Cleaning-of-Edathuruthi-panjayath.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *