വിശാഖപട്ടണം, 2026 ജൂൺ 8
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ ജൂൺ 5, 6 തീയതികളിൽ സമുദ്രോത്പന്ന കയറ്റുമതിയെക്കുറിച്ചുള്ള ദേശീയ ശിൽപ്പശാല നടന്നു. മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിലെ മത്സ്യവിഭാഗം വാണിജ്യ-വ്യവസായ മന്ത്രാലയവുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആന്ധ്രാപ്രദേശ് സർക്കാരിന്റെ പിന്തുണയോടെയായിരുന്നു ശിൽപ്പശാല. ഇന്ത്യയെ ആഗോളതലത്തിൽ കൂടുതൽ മത്സരക്ഷമമായ സമുദ്രോത്പന്ന കയറ്റുമതി രാജ്യമായി ഉയർത്തുന്നതാണ് പ്രധാന ലക്ഷ്യമായി മുന്നോട്ടുവെച്ചത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ ദേശീയ സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, വ്യവസായ സംഘടനകൾ, സംസ്കരണ സ്ഥാപനങ്ങൾ, പുതുസംരംഭകർ തുടങ്ങി സമുദ്രോത്പന്ന മേഖലയിലെ വിവിധ വിഭാഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ഉയർന്ന നിലവാരമുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളിലേക്കുള്ള മാറ്റം, പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം, ഉൽപ്പന്നങ്ങളുടെ ഉറവിടം കണ്ടെത്താൻ സഹായിക്കുന്ന സംവിധാനങ്ങൾ, തണുപ്പ് ശൃംഖലയും ചരക്ക് ഗതാഗത സൗകര്യങ്ങളും ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ഉൾനാടൻ മത്സ്യബന്ധന മേഖലയുടെ കയറ്റുമതി സാധ്യതകളും കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ഉയർന്നു.
രോഗനിയന്ത്രണം, വർധിക്കുന്ന ഉൽപ്പാദനച്ചെലവ്, ഗുണമേന്മയുള്ള വിത്തുകളുടെ ലഭ്യതക്കുറവ്, ഗതാഗത-സംസ്കരണ അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മകൾ തുടങ്ങിയ വെല്ലുവിളികളും പങ്കാളികൾ ചൂണ്ടിക്കാട്ടി. രണ്ടാമത്തെ ദിവസത്തെ സാങ്കേതിക സമ്മേളനങ്ങളിൽ സർട്ടിഫിക്കേഷൻ, ഉൽപ്പന്നങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള സംവിധാനങ്ങൾ, മൂല്യവർധന, സുസ്ഥിരത, പുതിയ കയറ്റുമതി അവസരങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്തു. സമുദ്രത്തിലെ ആഴക്കടൽ വിഭവങ്ങൾ, കടൽപ്പായൽ കൃഷി, മുത്തുകൃഷി, അലങ്കാര മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ സാധ്യതകളും വിലയിരുത്തി. ശിൽപ്പശാലയുടെ ശുപാർശകൾ ഭാവിയിലെ നയരൂപീകരണത്തിനും സമുദ്രോത്പന്ന കയറ്റുമതി വർധിപ്പിക്കുന്ന നടപടികൾക്കും സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലുള്ള സമുദ്രോത്പന്ന കയറ്റുമതി ലക്ഷ്യം കൈവരിക്കാൻ സംയുക്തമായി പ്രവർത്തിക്കുമെന്ന് വിവിധ വിഭാഗങ്ങൾ പ്രതിജ്ഞാബദ്ധരായി.