റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐഎസ് ഭീകരതയ്ക്ക് ഇരയായ യസീദി കുട്ടികളും കുടുംബങ്ങളും അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് ആംനസ്റ്റി

July 31, 2020 - 3:44 pm

ന്യൂഡല്‍ഹി: ഐഎസ് ഭീകരതയ്ക്ക് ഇരയായ യസീദി കുട്ടികളും പീഡന ഇരകളും അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ കുഞ്ഞുങ്ങളും കുടുംബങ്ങളും. മാനസികവും ആരോഗ്യപരവുമായ പ്രശ്‌നങ്ങളാല്‍ അവര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇവരെ കുര്‍ദിഷ് സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐഎസില്‍ നിന്ന രക്ഷപ്പെട്ട കുഞ്ഞുങ്ങള്‍ കോപം, പേടിസ്വപ്നങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നു. ഒപ്പം ആരോഗ്യപ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇവിടെ കഴിയുന്നവരിലേറെപ്പേരും ഏറ്റുമുട്ടലും പലായനവുമടക്കം ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോന്നവരും അതിന്റെ ആഘാതത്തില്‍ മാനസികാരോഗ്യം നഷ്ടപ്പെട്ടവരുമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.

തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി പോലും കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് ആംനസ്റ്റി പറയുന്നു. പ്രത്യേകിച്ചും പലരും തങ്ങളുടെ ബന്ധുക്കളെ ഐഎസ് തടവില്‍ നിന്ന് മോചിപ്പിക്കാന്‍ വലിയ മോചനദ്രവ്യം നല്‍കിയവരാണെന്ന് ചാരിറ്റി മൈന്‍സ് അഡൈ്വസറി ഗ്രൂപ്പിന്റെ കമ്മ്യൂണിറ്റി വര്‍ക്കര്‍ സുസാന്‍ നവാഫ് പറഞ്ഞു. ഇറാഖ്-സിറിയ അതിര്‍ത്തിയിലെ സിന്‍ജാറിലാണ് യസീദി വിഭാഗം പ്രധാനമായും വസിക്കുന്നത്. സെറോസ്ട്രിയന്‍ വിശ്വാസരീതികളോട് സാദൃശ്യമുള്ള വിശ്വാസരീതികളാണ് യസീദികളും പിന്തുടരുന്നത്. യസീദികളെ കൊന്നൊടുക്കാനും, ബലാത്സംഗം ചെയ്യാനും പീഡിപ്പിക്കുന്നതിനും തങ്ങള്‍ക്ക് അധികാരമുണ്ടെന്ന രീതിയിലാണ് ഐഎസ് ഇവിടെ ഇടപെടല്‍ നടത്തിയിരുന്നത്.

സിറിയയുമായുള്ള ഇറാഖിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് സിന്‍ജാര്‍. 2014ല്‍ ഐസിസ് അധിനിവേശത്തെ തുടര്‍ന്ന് നാമാവശേഷമായിത്തീര്‍ന്നയിടം. 2014 ആഗസ്തില്‍ ഇറാഖിലെ സിന്‍ജാര്‍ മേഖലയില്‍ ആക്രമണമഴിച്ചുവിട്ട ഐഎസ് യസീദികള്‍ക്കെതിരെ ക്രൂരനടപടികളാണ് സ്വീകരിച്ചിരുന്നത്. യസീദി പുരുഷന്മാരെ കണക്കില്ലാതെ കൊന്നുതള്ളിയ ഇവര്‍, സ്ത്രീകളെയും കുട്ടികളെയും പിടികൂടി തടവിലാക്കി. 6500 സ്ത്രീകളെയും കുട്ടികളെയുമാണ് ഇവര്‍ അന്ന് പിടികൂടിയത്. ഇവരില്‍ കൗമാരക്കാരികളെയും സ്ത്രീകളെയും ലൈംഗിക അടിമകളാക്കി. മുതിര്‍ന്ന ആണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം പരിശീലനത്തിന് അയച്ചു. ചെറിയ കുട്ടികളെ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വലിയ തുകയ്ക്ക് മറിച്ചു വിറ്റു.

ഐസിസില്‍ നിന്നും മോചനം കിട്ടിയിട്ടും പല കുടുംബങ്ങളും ഇപ്പോഴും സിന്‍ജാറിലേക്ക് തിരികെ വരാത്തതിന് കാരണം ആ ഭൂമിയില്‍ പൊട്ടാതെ കിടക്കുന്ന സ്‌ഫോടകവസ്തുക്കളാണ്. ആകെ ജനസംഖ്യയുടെ പകുതിയോളം പേര്‍ മാത്രമാണ് സ്വന്തം സ്ഥലത്തേക്ക് തിരികെ വന്നത്. ഇറാഖിലെ കുര്‍ദ്ദിസ്ഥാനിനടുത്ത് ഏകദേശം 30,0000 ത്തോളം യസീദികള്‍ വിവിധ ടെന്റ് ക്യാമ്പുകളിലും താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലും കഴിയുന്നുണ്ട്. അവിടങ്ങളിലെ അവസ്ഥ അങ്ങേയറ്റം ദയനീയമാണ്. ജീവിതസൗകര്യങ്ങളില്ല എന്നതിനുമപ്പുറം ആവശ്യത്തിന് ചികിത്സ ലഭിക്കുന്നില്ല എന്നതാണ് ഇവിടെയുള്ള ഏറ്റവും പരിതാപകരമായ അവസ്ഥ. 2000ത്തോളം യസീദി സ്ത്രീകളെയും കുട്ടികളെയും ഇതുവരെ കണ്ടെത്താന്‍ പോലുമായിട്ടില്ല. തിരിച്ചെത്തിയവരിലേറെയും സിന്‍ജാര്‍ മലനിരകളുടെ വടക്ക് ഭാഗത്ത് താമസിക്കുന്നവരാണെന്ന് സുസാന്‍ നവാഫ് പറഞ്ഞു. പര്‍വതത്തിന്റെ വടക്ക്, മോശമായി ബാധിച്ചെങ്കിലും, തെക്കിനേക്കാള്‍ തകര്‍ച്ച കുറവായിരുന്നു. കാരണം, ഐസിസ് വളരെ കുറഞ്ഞ കാലയളവിലാണ് ആ പ്രദേശം കൈവശം വച്ചിരുന്നത്. തെക്ക് ഭാഗത്ത് മനുഷ്യവാസത്തിനായി ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് എന്നും അവര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *