റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരേ പട നയിക്കുന്ന വിമതനേതാവ് സചിന്‍ പൈലറ്റിന് സുപ്രിംകോടതിയില്‍നിന്ന് ഇടക്കാലാശ്വാസം. നിയമസഭാ സ്പീക്കര്‍ നടത്തുന്ന അയോഗ്യത കല്‍പിക്കല്‍ നീക്കത്തിനെതിരേ സചിന്‍ പൈലറ്റും ഒപ്പമുള്ള 18 എംഎല്‍എമാരും നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നതില്‍ നിന്ന് ഹൈകോടതിയെ വിലക്കണമെന്ന സ്പീക്കറുടെ ആവശ്യം സുപ്രിംകോടതി നിരസിച്ചു. നിരീക്ഷകനായി വര്‍ത്തിക്കേണ്ട സ്പീക്കര്‍ കോടതിയ സമീപിച്ചതിനെ ജ. അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് വിമര്‍ശിച്ചു.

സ്പീക്കറുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഹൈക്കോടതിയുടെ വിധി സുപ്രിംകോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കും. എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന് ഭീഷണിപ്പെടുത്തി വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ പാടുണ്ടോയെന്ന ചോദ്യം ഇതിലുണ്ടെന്ന് ജ. അരുണ്‍ മിശ്ര നിരീക്ഷിച്ചു. ജനാധിപത്യത്തില്‍ എംഎല്‍എമാരുടെ ശബ്ദം ഇത്തരത്തില്‍ അടിച്ചമര്‍ത്താമോ. അവര്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരേ ഇത് ഭാവിയില്‍ ആയുധമാവില്ലെന്ന് ആരുകണ്ടു. ശബ്ദമുയര്‍ത്താന്‍ ആര്‍ക്കും കഴിയില്ല.

ഒരു വിഷയത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്ന ഘട്ടത്തില്‍ ഇടപെടാന്‍ ഒരു കോടതിക്കും ആവില്ല. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളിലാണ് പ്രവര്‍ത്തകര്‍ പറയേണ്ടത്. ജനാധിപത്യത്തേപ്പറ്റി ഗൗരവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വിഷയമാണിതെന്ന പരാമര്‍ശത്തോടെയാണ് സപ്രിംകോടതി വാദം കേള്‍ക്കല്‍ തിങ്കളാഴ്ചത്തേക്കു മാറ്റിയത്.

2003ലെ 1985 കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സച്ചിന്‍ പൈലറ്റിനെയും ഒപ്പമുള്ള 18 എംഎല്‍എമാരെയും സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. കൂറുമാറ്റ നിരോധന നിയമം സംബന്ധിച്ച 2004ലെ കോടതിവിധി പ്രകാരം ഒരു പാര്‍ട്ടി പിളര്‍ന്നാല്‍ മൂന്നിലൊന്ന് സഭാംഗങ്ങള്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ മറ്റൊരു പാര്‍ട്ടിയുമായി ചേര്‍ന്ന് മൂന്നാമതൊരു പാര്‍ട്ടി ഉണ്ടാക്കുകയോ ചെയ്താല്‍ കൂറുമാറ്റ നിയമം ബാധകമല്ല. ഈ നിയമം അനുസരിച്ച് ലോക്സഭാംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ലോക്സഭാ സ്പീക്കറും രാജ്യസഭാ അംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നത് രാജ്യസഭാ ചെയര്‍മാനും ആണ്.

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചശേഷം ആ പാര്‍ട്ടിയിലെ തന്റെ അംഗത്വം സ്വമേധയാ രാജിവയ്ക്കുകയോ ആ രാഷ്ട്രീയപാര്‍ട്ടിയുടെ നിര്‍ദേശത്തിനു വിരുദ്ധമായി സഭയുടെ വോട്ടിങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയോ വോട്ടു ചെയ്യുകയോ ചെയ്താല്‍ ആ അംഗത്തിന് തന്റെ സഭാംഗത്വം നഷ്ടപ്പെടും. ഇതേതുടര്‍ന്ന് അയാള്‍ തല്‍സ്ഥാനത്ത് തുടരുന്നതില്‍നിന്ന് അയോഗ്യനായി മാറും. 1985ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന കൂറുമാറ്റ നിരോധന നിയമം 2003ല്‍ ഭേദഗതി ചെയ്ത് ശക്തിപ്പെടുത്തി.

ഇവിടെ നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ മൂന്നില്‍ ഒന്ന് സച്ചിന്‍ പൈലറ്റിനോടൊപ്പമില്ലെന്നാണ് മുഖ്യമന്ത്രിയും സ്പീക്കറും പറയുന്നത്. ഇതാണ് വിമതര്‍ക്കെതിരേ നടപടിയെടുക്കാന്‍ സ്പീക്കര്‍ മുതിര്‍ന്നതിന്റെ കാരണവും. ഈ നിയമംമൂലം, നേതൃത്വമെടുക്കുന്ന തെറ്റായ തീരുമാനങ്ങളെ ചോദ്യംചെയ്യാനാവാതെ സഭാംഗങ്ങള്‍ നിസ്സഹായരായ നില്‍ക്കുന്ന സ്ഥിതി സംജാതമായിട്ടുണ്ട്. ഭരണകക്ഷിയുടെ ജനവിരുദ്ധ നയങ്ങളെ വിപ്പ് എന്ന ചാട്ടവാര്‍ കാട്ടി ഭയപ്പെടുത്തി സഭാതലത്തില്‍ പാസ്സാക്കിയെടുക്കുന്നതിനും ഈ നിയമത്തെയാണ് പലപ്പോഴും ഉപയോഗപ്പെടുത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *