കോയന്പത്തൂര്‍ : പേരൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കുത്തി കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ യുവാവിനെ തൃശൂരില്‍ നിന്ന് പിടികൂടി. പേരൂരില്‍ മൈക്കാനിക്കായി ജോലി ചെയ്യുന്ന രതീഷിനെ (24)യാണ് കോയന്പത്തൂര്‍ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ചയാണ് പേരൂര്‍ സ്വദേശിനിയായ ഐശ്വര്യ (18) ക്ക് കുത്തേറ്റത്. മകളെ ആക്രമിക്കുന്നതു കണ്ട് തടയാന്‍ ചെന്ന ഐശ്വര്യയുടെ പിതാവ് ശക്തിവേലിനും കുത്തേറ്റിട്ടുണ്ട്. യാത്രാ പാസ്സോ രജിസ്‌ട്രേഷനോ ഇല്ലാതെ വനത്തിലെ ഊടുവഴികളിലൂടെ ഇയാള്‍ തമിഴ്‌നാട് അതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു.
വ്യത്യസ്ത സമുദായത്തില്‍പ്പെട്ട ഐശ്വര്യയും രതീഷും ഇഷ്ടത്തിലായിരുന്നു. ഈ വിവരം ഐശ്വര്യയുടെ വീട്ടില്‍ അറിഞ്ഞു. തുടര്‍ന്ന് രതീഷുമായി ഒരു ബന്ധവും പാടില്ലെന്ന് വിലക്കിയിരുന്നു. ഇതിനാല്‍ കഴിഞ്ഞ നാലുമാസമായി ഐശ്വര്യ രതീഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. രതീഷ് ഐശ്വര്യയെ കാണാന്‍ ശ്രമിച്ചെങ്കിലും ലോക്ഡൗണ്‍ കാരണം സാധിച്ചില്ല. രതീഷ് പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഐശ്വര്യ അറ്റന്‍ഡ് ചെയ്തുമില്ല.
ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാത്രിയില്‍ രതീഷ് ഐശ്വര്യയുടെ വീടിനു സമീപമെത്തിയത്. ഐശ്വര്യയെ അത്യാവശ്യമായി തനിക്ക് കാണണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടു. പിതാവ് ശക്തിവേലിനൊപ്പമാണ് ഐശ്വര്യ രതീഷിനോട് സംസാരിക്കാനെത്തിയത്. ഇരുവരുമെത്തിയപ്പോള്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഐശ്വര്യയുടെ നെഞ്ചിലും വയറിലും കുത്തുകയായിരുന്നു. ഐശ്വര്യയെ ഉടന്‍ കോയന്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു.




