റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രളയവും കോവിഡും ഒരുമിച്ച് തരണം ചെയ്യാന്‍ മോക്ക് ഡ്രില്‍

June 13, 2020 - 2:51 pm

തൃശൂര്‍ : കോവിഡിനൊപ്പം പ്രളയം കൂടി കടന്നുവന്നാല്‍ എങ്ങനെ നേരിടാം എന്നതിനെപ്പറ്റി ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേന, ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗം, പോലീസ്, ആരോഗ്യ വിഭാഗം തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാണ് ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ ടേബിള്‍ ടോപ് എക്സസൈസായി മോക്ക് ഡ്രില്‍ നടത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷവും ഉണ്ടായ പ്രളയത്തെ മുന്‍നിര്‍ത്തി വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള ജില്ലയിലെ വിവിധ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് മോക്ക് ഡ്രില്‍ നടത്തിയത്.

തുടര്‍ദിവസങ്ങളില്‍ ഓരോ സ്ഥലങ്ങളിലും മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ദുരന്ത മേഖലകളെ പ്രത്യേകം ശ്രദ്ധിച്ച് മുന്നോട്ടു പോകാനും ഇതോടൊപ്പം അതിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും പദ്ധതി ആവിഷ്‌ക്കരിച്ചു.

ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂരില്‍ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ അകപ്പെടുകയും അതിലൊരാള്‍ കോവിഡ് രോഗിയും എന്നതായിരുന്നു മോക്ക് ഡ്രില്‍ സെനാറിയോ. സംഭവത്തില്‍ പഞ്ചായത്ത് അറിയിപ്പിലൂടെ ഡി ഇ ഒ സി, ദുരന്ത നിവാരണ വിഭാഗം, പോലീസ്, ആരോഗ്യ വിഭാഗം, ദേശീയ ദുരന്തനിവാരണ സേന, ഫയര്‍ ആന്റ് റെസ്‌ക്യു തുടങ്ങി നിരവധി വകുപ്പുകള്‍ കൂട്ടായി പ്രവര്‍ത്തിച്ച് ദുരന്തവും കോവിഡ് രോഗവും തടയുന്ന പ്രവര്‍ത്തനങ്ങളാണ് മോക്ക് ഡ്രില്ലില്‍ അവതരിപ്പിച്ചത്.

യു ആര്‍ പ്രദീപ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, എ ഡി എം റെജി പി ജോസഫ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ റെജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡി ഇ ഒ സി ഹസാര്‍ഡ് അനലിസ്റ്റ് സുസ്മി, ബി പി സി എല്‍ ഫയര്‍ ആന്റ് സേഫ്റ്റി ഡി ജി എം നൈസു എന്നിവര്‍ ക്ലാസെടുത്തു. ജനപ്രതിനിധികള്‍, വകുപ്പുതല മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5159/Mock-drill-at-thrissur.html



Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *