ഇസ്‌ലാമാബാദ്: പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യുടെ പ്രമുഖ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ റഹ്മാന്‍ മാലിക്കിനെതിരേ പീഡന ആരോപണം. പ്രശസ്ത അമേരിക്കന്‍ ബ്ലോഗര്‍ സിന്തിയ ഡി റിച്ചിയാണ് ആരോപണം ഉന്നയിച്ചത്. 2011ല്‍ റഹ്മാന്‍ മാലിക് മന്ത്രിയായിരുന്ന സമയത്ത് പാനീയത്തില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്നാണ് സിന്തിയ ഡി റിച്ചിയുടെ ആരോപണം. റഹ്മാന്‍ മാലിക് തന്നെ ബലാത്സംഗം ചെയ്തുവെന്നും മഖ്ദൂം ഷഹാബുദ്ദീനും യൂസുഫ് റാസ ഗിലാനിയും ശാരീരികമായി ഉപദ്രവിച്ചുവെന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് സിന്തിയ വെളിപ്പെടുത്തിയത്. ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അടുത്ത ആഴ്ച പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു.
പാകിസ്താന്‍ പോലുള്ള ഒരു ഇസ്‌ലാമിക രാജ്യത്തിന് യോജിക്കാത്ത രീതിയിലുള്ള പിപിപി നേതാക്കളുടെ ചിത്രങ്ങളും ഈ അമേരിക്കന്‍ ബ്ലോഗര്‍ പുറത്തുവിട്ടിരുന്നു. പിപിപി നേതാക്കാള്‍ മദ്യപിക്കുന്നതും സ്ത്രീകള്‍ക്കൊപ്പം നൃത്തമാടുന്നതും ചൂതാട്ടം നടത്തുന്നതുമായ ചിത്രങ്ങളാണ് പുറത്തുവിട്ടത്. സിന്തിയ ഡി റിച്ചിയുടെ ആരോപണത്തോടെ പാകിസ്താനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പിപിപി പ്രതിരോധത്തിലായി.



