ആരാധനാലയങ്ങള്‍, മാളുകള്‍, റസ്റ്റോറന്റുകള്‍ 8 മുതല്‍ പ്രവര്‍ത്തിക്കും: ശബരിമലയില്‍ വെര്‍ച്വല്‍ക്യൂ, അസുഖമുള്ളവര്‍ ആരാധനാലയത്തില്‍ പോകരുത്

തിരുവനന്തപുരം: കേന്ദ്രമാനദണ്ഡപ്രകാരം ആരാധനാലയങ്ങള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഇതിനു മുന്നോടിയായി ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം എങ്ങനെവേണം എന്നതു സംബന്ധിച്ച് വിവിധ മതനേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ചചെയ്തു. 65 വയസ്സിനു മുകളിലുള്ളവര്‍, 10 വയസ്സിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ള വ്യക്തികള്‍ എന്നിവര്‍ വീട്ടില്‍തന്നെ കഴിയണം എന്നാണ് കേന്ദ്ര മാര്‍ഗനിര്‍ദേശം. അത് കേരളത്തിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ പേരുവിവരം സൂക്ഷിക്കണം. പൊതുസ്ഥലങ്ങളില്‍ കുറഞ്ഞത് ആറ് അടി അകലം പാലിക്കണമെന്നത് ആരാധനാലയങ്ങള്‍ക്കും ബാധകമാണ്. ആരാധനാലയത്തില്‍ എത്തുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. സാധ്യമായ സ്ഥലങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണം. ആദ്യംവരുന്നവര്‍ ആദ്യം എന്നനിലയില്‍ ആരാധനാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണം ക്രമീകരിക്കണം. കൂട്ടംചേരല്‍ ഉണ്ടാവരുത്.

പൊതുവായ ടാങ്കുകളിലെ വെള്ളം ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. ടാപ്പുകളില്‍നിന്നു മാത്രമേ ഉപയോഗിക്കാവൂ. ചുമയ്ക്കുമ്പോള്‍ തൂവാലകൊണ്ട് മുഖം മറയ്ക്കണം. പൊതുസ്ഥലത്ത് തുപ്പരുത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്. കോവിഡ്- 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിക്കണം. ചെരിപ്പുകള്‍ അകത്തു കടത്തരുത്. നിശ്ചിത അകലത്തില്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം.

ക്യൂ നില്‍ക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ വാതിലുകള്‍ ഉണ്ടാവണം. എയര്‍കണ്ടീഷണറുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഉപയോഗിക്കുകയാണെങ്കില്‍ കേന്ദ്രനിബന്ധന അനുസരിച്ച് 24-30 ഡിഗ്രി സെല്‍ഷ്യസ് എന്ന ക്രമത്തില്‍ താപനില ക്രമീകരിക്കേണ്ടതാണ്. വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും തൊടരുത്. ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കണം. പായ, വിരിപ്പ് എന്നിവ പ്രാര്‍ഥനയ്ക്ക് എത്തുന്നവര്‍തന്നെ കൊണ്ടുവരണം.

അന്നദാനവും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്. ചോറൂണ് മുതലായ ചടങ്ങുകള്‍ ഒഴിവാക്കണം. മാമോദീസ നടത്തുന്നുണ്ടെങ്കില്‍ കരസ്പര്‍ശമില്ലാതെ ആയിരിക്കണം. എന്ത് ചടങ്ങ് ആയാലും ആള്‍ക്കൂട്ടം ഒഴിവാക്കണം, രോഗപകര്‍ച്ചയുടെ സാധ്യത തടയുകയും വേണം. പ്രസാദവിതരണവും തീര്‍ഥജലം തളിക്കലും ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദേശത്തിലുണ്ട്. ഖര, ദ്രാവക വസ്തുക്കള്‍ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്നു തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. അസുഖമുള്ള വ്യക്തി ആരാധനാലയത്തില്‍ എത്തിച്ചേര്‍ന്നാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണം എന്നതിനുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ അതേപടി സംസ്ഥാനത്ത് നടപ്പാക്കും.

ശബരിമലദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി നിയന്ത്രിക്കും. ഒരുസമയം 50ലധികം പേര്‍ ദര്‍ശനത്തിനെത്താന്‍ പാടില്ല. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കും. മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നെയ്യഭിഷേകത്തിന് ഭക്തര്‍ പ്രത്യേകസ്ഥലത്ത് നെയ് കൈമാറുന്ന രീതി അവലംബിക്കും.

ദേവസ്വം ജീവനക്കാര്‍ക്കും ഇനി മാസ്‌കും കൈയുറയും നിര്‍ബന്ധമാണ്. കേന്ദ്ര നിര്‍ദേശം അനുസരിച്ച് 10 വയസില്‍ താഴെയുള്ള കുട്ടികളെയും 65 വയസില്‍ കൂടതലുള്ളവരെയും ശബരിമലയിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൊടിയേറ്റവും ആറാട്ടും പരിമിതമായി നടത്തും. വെര്‍ച്യുല്‍ ക്യൂ സംവിധാനംവഴി അനുമതി ലഭിക്കുന്നവര്‍ മാത്രം ശബരിമലയില്‍ എത്തണം. ഇങ്ങനെയാവുമ്പോള്‍ കാര്യങ്ങള്‍ പരിശോധിച്ച് തീര്‍ച്ചപ്പെടുത്താനാകും. ശബരിമല ദര്‍ശനത്തിനായി ഇതരസംസ്ഥാനക്കാര്‍ വരേണ്ടെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയും എട്ടിന് തുറക്കാം. അന്ന് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല. ജീവനക്കാര്‍ എത്തി അണുനിശീകരണം നടത്തണം. ഒമ്പതാംതീയതി മുതല്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണ്. പൊതുവായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളെല്ലാം സംസ്ഥാനത്തുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം