കൊച്ചി: പരസ്യത്തില്‍ പറഞ്ഞതിലും കൂടിയ തുക ഉപഭോക്താവിനോട് വാങ്ങിയതിന് കെഎഫ്‌സിക്ക് പിഴ വിധിച്ചു. അധികമായി ഈടാക്കിയ തുക പലിശയടക്കം തിരിച്ചുനല്‍കണമെന്നും ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതിച്ചെലവും നല്‍കണമെന്നും കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു. 2016 ഡിസംബറിലാണ് സംഭവം. പ്രമുഖ ദിനപത്രത്തില്‍ വന്ന പരസ്യത്തില്‍ കെഎഫ്‌സി ചിക്കന് 10 പീസിന് നാനൂറ് രൂപ. പരസ്യംകണ്ട് ചിക്കന്‍ വാങ്ങാനെത്തിയ രമ ജോര്‍ജിനോട് 656 രൂപ ഈടാക്കിയെന്നാണ് പരാതി.
കോട്ടയം കഞ്ഞിക്കുഴിയിലെ കെഎഫ്‌സി ചിക്കന്‍ സെന്ററിന്റെ പേരില്‍ പ്രമുഖ പത്രത്തിന്റെ ഒന്നാംപേജില്‍ വന്ന പരസ്യത്തില്‍ ബുധനാഴ്ചകളില്‍ 10 പീസ് ചിക്കന് 400 രൂപ എന്നായിരുന്നു. പരസ്യംകണ്ട് ചിക്കന്‍ വാങ്ങാനെത്തിയ ഹര്‍ജിക്കാരി 10 പീസ് ചിക്കന്‍ വാങ്ങിയപ്പോള്‍ കെഎഫ്‌സി 656 രൂപ ഈടാക്കുകയായിരുന്നു. ബില്ലില്‍ 10 പീസ് ചിക്കന് 539 രൂപയും ക്യാരി ബാഗിന് 5 രൂപയും ഉള്‍പ്പെടെ 544 രൂപയും നികുതിചേര്‍ത്ത് 656 രൂപ ഈടാക്കിയെന്ന് ഫോറം കണ്ടെത്തി. സേവനദാതാക്കളും വ്യാപാരികളും നല്‍കുന്ന പരസ്യങ്ങള്‍ വസ്തുതാപരവും സത്യസന്ധവുമായിരിക്കണമെന്ന് ഫോറം നിരീക്ഷിച്ചു.