സഹപ്രവര്‍ത്തകരുടെ നുണപ്രചരണത്തില്‍ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകയുടെ നില ഗുരുതരം

കണ്ണൂര്‍: സഹപ്രവര്‍ത്തകരുടെ നുണപ്രചരണത്തില്‍ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകയുടെ നില ഗുരുതരം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിരീക്ഷണം നടത്തുന്നതെന്ന വ്യാജപ്രചരണത്തില്‍ മനംനൊന്താണ് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യ ശ്രമിച്ചത്. ന്യൂമാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക പരിയാരം മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്. രക്തസമ്മര്‍ദത്തിനുള്ള ഗുളിക 20 എണ്ണം ഒരുമിച്ചു കഴിച്ചാണ് ആത്മഹത്യക്കു ശ്രമിച്ചത്. ഇവരുടേതെന്ന പേരിലുള്ള ആത്മഹത്യാക്കുറിപ്പ് വാട്‌സാപ് വഴി പ്രചരിക്കുകയാണ്. തന്റെ മരണത്തിന് ഉത്തരവാദികള്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പേരാണെന്ന് കുറിപ്പില്‍ പറയുന്നു.

ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും ജോലി ചെയ്‌തെന്ന് ചിലര്‍ കുപ്രചരണം നടത്തുന്നുവെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും ആരോഗ്യപ്രവര്‍ത്തകയുടെ കുറിപ്പിലുണ്ട്. ആത്മാര്‍ഥമായി ജോലിചെയ്യുന്ന തന്നോട് എന്തിനാണ് ചിലര്‍ ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഒരു അവധിപോലും എടുക്കാതെ രോഗികളെ പരിചരിക്കുകയാണ്. തനിക്കെതരേ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. താന്‍ വീടുകളില്‍ പോയി രോഗികളെ പരിചരിക്കാറുണ്ട്. അവിടെനിന്ന് ഇന്നുവരെ ഒരു പരാതിയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം