ഗസ്‌നി: അഫ്ഗാനിസ്താനിലെ രഹസ്യാന്വേഷണ ഏജന്‍സി കാര്യാലയത്തിനു സമീപം നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്താന്റെ കിഴക്കന്‍ പ്രവിശ്യയായ ഗസ്‌നിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മരിച്ചവരിലും പരിക്കേറ്റവരിലും അധികവും രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരാണ്. നഗരത്തിലെ ദേശീയ സുരക്ഷാകാര്യാലയം ലക്ഷ്യമിട്ടാണ് അക്രമികളെത്തിയതെന്നു കരുതുന്നതായി ഗവര്‍ണറുടെ വക്താവ് വാഹിദുല്ല ജുമാസദ വാര്‍ത്ത ഏജന്‍സിയോടു പറഞ്ഞു. കാബൂളിലെ ആഭ്യന്തര മന്ത്രാലയവും ഗസ്‌നിയിലെ ആരോഗ്യവകുപ്പും ആക്രമണം സ്ഥിരീകരിച്ചു.
അതിരാവിലെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും മുഖ്യ എതിരാളി അബ്ദുല്ല അബ്ദുല്ലയും അധികാരപങ്കാളിത്ത കരാറില്‍ ഒപ്പുവച്ചതിനു തൊട്ടുപിന്നാലെയാണ് ബോംബസ്‌ഫോടനം നടന്നത്. വാഷിങ്ടണ്‍ സ്വാഗതം ചെയ്ത ഈ കരാര്‍ താലിബാനുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

