വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും ഇനി കെഎസ്ഇബി തരും

പത്തനംതിട്ട: വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും നല്‍കുന്ന പദ്ധതി പത്തനംതിട്ടയില്‍ ആരംഭിച്ചു. കെഎസ്ഇബിയാണ് വൈദ്യുതിക്കൊപ്പം ഇന്റര്‍നെറ്റും വീടുകളില്‍ എത്തിക്കുന്ന പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ച വൈദ്യുതി ബോര്‍ഡ് കേബിള്‍ വലിക്കുന്നത് ഉള്‍പ്പടെയുള്ള ജോലികള്‍ പത്തനംതിട്ടയില്‍ ആരംഭിച്ചു. Bharath Electronic Limited ആണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനുള്ള കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 2016ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച KFON (Kerala Fiber Optic Network) പദ്ധതിയുടെ ഭാഗമാണിത്.

1028 കോടി രൂപ ചെലവുവരുന്ന പദ്ധതിയാണിത്. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ചേര്‍ന്ന് ലോകബാങ്കിന്റെ സഹായത്തോടെയാണു നടപ്പാക്കുന്നത്. സംസ്ഥാനത്തെ 770 സെക്ഷനുകളിലെയും വൈദ്യുതി തൂണുകളിലൂടെ വലിക്കുന്ന കേബിള്‍ കെഎസ്ഇബിയുടെ എല്ലാ 220 കെവി, 110 കെവി, 66 കെവി സബ് സ്റ്റേഷനുകളെയും തമ്മില്‍ ബന്ധിപ്പിക്കും. അപേക്ഷിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. ബാന്‍ഡ് വിഡ്ത്ത് അനുസരിച്ച് വാടകയും ഈടാക്കും. KFON ശൃംഖല ഉപയോഗിച്ച് ഏത് ഉപയോക്താവിനും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കഴിയും. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും KFON നെറ്റ് വര്‍ക്കിലേക്ക് മാറ്റാനാണ് ഉദ്ദേശ്യം. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ നെറ്റ്‌വര്‍ക്ക് സേവനം നല്‍കാനും പദ്ധതിയുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ഇബി കടന്നുപോകുന്നതെങ്കിലും പുതിയ പദ്ധതിയിലൂടെ അധികവരുമാനം കണ്ടെത്തി പ്രതിസന്ധി മറികടക്കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ കാലയളവില്‍ കേരളത്തില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ധിച്ചതായാണ് കണക്കുകള്‍ തെളിയിക്കുന്നത്. അതുക്കൊണ്ടുതന്നെ കെഎസ്ഇബിയുടെ നൂതനപദ്ധതി ജനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →