മദ്യവിൽപ്പന ശാലകൾ തുറക്കാനുള്ള തീരുമാനം മന്ത്രി അറിയിച്ചു

തിരുവനന്തപുരം: മദ്യവില്‍പന ശാലകള്‍ തുറക്കാനുള്ള തീരുമാനം എക്‌സൈസ് മന്ത്രി അറിയിച്ചു. തീയതി പിന്നീട് തീരുമാനിക്കുമെന്നും എല്ലാ മദ്യശാലകളും ഒരുമിച്ചു തുറക്കാനാണ് തയ്യാറെടുക്കുന്നതെന്നും പ്രവര്‍ത്തനസമയത്തില്‍ വ്യത്യാസം വരുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ ഷാപ്പുകള്‍ തുറന്നെങ്കിലും ഇപ്പോള്‍ നേരിടുന്ന കള്ളുക്ഷാമം വരുംദിവസങ്ങളില്‍ പരിഹരിക്കും. ഒരുമിച്ചു തുറക്കുമ്പോള്‍ ബെവ്കോയിലെ അതേവിലയ്ക്ക് ബാറിലും മദ്യം ലഭിക്കും. ബാറില്‍ പാഴ്സലിന് പ്രത്യേക കൗണ്ടര്‍ ഉണ്ടായിരിക്കും. പാലക്കാട്ടുനിന്ന് ഇപ്പോള്‍ കള്ള് കിട്ടുന്നതിന് പ്രയാസമുണ്ട്. അതും വരുംദിവസങ്ങളില്‍ പരിഹരിക്കാന്‍ കഴിയും.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മദ്യവില 10 മുതല്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ബാറുകള്‍വഴി മദ്യം പാഴ്സലായി നല്‍കാനും മദ്യംവാങ്ങാന്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിനും(വെര്‍ച്ച്വല്‍ ക്യൂ) അനുമതി നല്‍കി. ബിയര്‍, വൈന്‍ എന്നിവയ്ക്ക് 10 ശതമാനവും മറ്റു വിഭാഗങ്ങള്‍ക്ക് 35 ശതമാനവും നികുതി വര്‍ധിപ്പിക്കാനാണ് തീരുമാനം. ലോക്ക്ഡൗണിനുശേഷം സംസ്ഥാനത്ത് ബാറുകള്‍ തുറക്കുമ്പോള്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും. ബിവറേജസ് കോര്‍പറേഷന്‍ മദ്യവില പുതുക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ മൂന്നാംഘട്ടം 17ന് കഴിയുന്നതോടെ മദ്യവില്‍പനശാലകളും ബാറുകളും തുറക്കാനാണ് നീക്കം.

Share
അഭിപ്രായം എഴുതാം