റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചിന്നക്കനാലിൽ കാട്ടാന കൂട്ടത്തിന് പുറകെ ചെന്നായ്ക്കളും മനുഷ്യരെയും വളർത്തുമൃഗങ്ങളെയും വേട്ടയാടാൻ എത്തി

May 12, 2020 - 7:24 pm

ചിന്നക്കനാല്‍ (ഇടുക്കി) : ആളുകളെ കൊലപ്പെടുത്തിയും കൃഷിയിടങ്ങള്‍ നശിപ്പിച്ചും നടക്കുന്ന കാട്ടാനക്കൂട്ടങ്ങളുടെ ഭീഷണിക്കു പിന്നാലെ ചിന്നക്കനാല്‍, ആനയിറങ്കല്‍, ബിയല്‍ റാവ്, സിംഗുകണ്ടം മേഖലയില്‍ ചെന്നായ കൂട്ടങ്ങളും എത്തി. വളര്‍ത്തുമൃഗങ്ങളെ മാത്രമല്ല ഒറ്റയ്ക്കു പോകുന്ന മനുഷ്യരേയും വളഞ്ഞു വേട്ടയാടുകയാണ്.

ഈ മേഖലയില്‍ കുറുനരിയല്ലാതെ ചെന്നായ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത് പത്തിലധികമുള്ള ഒരുകൂട്ടമാണ്.

സിംഗുകണ്ടത്ത്‌ കറപ്പസാമിയുടെ പശുവിനെ ചെന്നായ് കൂട്ടം പിടികൂടി കൊന്നു. പശുവിന്റെ കരച്ചില്‍ കേട്ട് കറപ്പസാമി ചെന്നു എങ്കിലും അതിനെ രക്ഷിക്കാനായില്ല. ചെന്നായ്ക്കള്‍ കറപ്പസാമിയെ വളഞ്ഞ് പിടിക്കാനാണ് ശ്രമിച്ചത്. കവലയില്‍ വന്ന ആളുകളെയും കൂട്ടി ചെന്നപ്പോഴേക്കും പശുവിനെ കൊന്ന് പകുതി തിന്നു കഴിഞ്ഞിരുന്നു. ആനക്കുഴി ഭാഗത്ത് വെച്ച് ആളെ പിടിക്കുവാന്‍ ചെന്നായ് കൂട്ടം ശ്രമിക്കുകയുണ്ടായി. ഇയാള്‍ ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്. കന്നുകാലികളെ മേയ്ക്കാനായി പോകുന്നവരടക്കം നാട്ടുകാര്‍ ആകെ ഭയപ്പാടിലാണ്.

ആനയിറങ്ങല്‍, ചിന്നക്കനാല്‍ ഭാഗത്ത് ആനക്കൂട്ടങ്ങള്‍ നിരവധി ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ട്. വൈദ്യുത വേലിയോ കിടങ്ങോ നിര്‍മ്മിച്ച് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് വര്‍ഷങ്ങളായി ആളുകള്‍ ആവശ്യപ്പെട്ടു വരുന്നതാണ് . എന്നാല്‍ വനം വകുപ്പ് അതിന് കൂട്ടാക്കിയിട്ടില്ല. പൂപ്പാറ, ചിന്നക്കനാല്‍, ബൈസണ്‍വാലി, മൂന്നാര്‍, പള്ളിവാസല്‍, ആനവിരട്ടി തുടങ്ങിയ വില്ലേജുകളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് ആനപ്പാര്‍ക്കും ആനത്താരയും സ്ഥാപിക്കുവാനുള്ള പദ്ധതിയുമായി വനം വകുപ്പ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പട്ടയം കൊടുത്ത് പുനരധിവസിപ്പിച്ച ആദിവാസികളുടെ അടക്കം ഭൂമി ഏറ്റെടുത്ത് വനംവകുപ്പില്‍ നിക്ഷിപ്തമാക്കാനുള്ള പദ്ധതിയാണ് നടന്നുവരുന്നത്. അതിനിടയില്‍ വന്യജീവികളുടെ ഭീഷണിയില്‍ നിന്ന് സംരക്ഷണം കൊടുക്കുന്ന കാര്യം അവഗണിക്കപ്പെടുകയാണ്. കാട്ടാനയ്ക്ക് പിന്നാലെ ചെന്നായക്കൂട്ടവും ആളുകളെ വേട്ടയാടുമ്പോള്‍ വനംവകുപ്പിന് അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ല. വന്യജീവികളില്‍ നിന്ന് രക്ഷ വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങള്‍ സംഘടിച്ചു വരികയാണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *