തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച ആര്‍ക്കും കൊവിഡ്- 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ന് അഞ്ചുപേരുടെ പരിശോധനാഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള മൂന്നു പേരുടേയും കാസര്‍കോട് ജില്ലയിലെ രണ്ടുപേരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കൊവിഡില്‍നിന്നു മുക്തിനേടിയത്. 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ സാംപിള്‍ (ഓഗ്മെന്റഡ് സാംപിള്‍ ഉള്‍പ്പെടെ) പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34,519 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റിവ് ആണ്.
ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 3035 സാംപിളുകള്‍ ശേഖരിച്ചതില്‍ 2337 എണ്ണം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്ന് ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്ട് സ്പോട്ടുകളാണ് ഉള്ളതെന്നും മന്ത്രി അറിയിച്ചു.

