തിരുവനന്തപുരം: കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തെ പ്രശംസിച്ച് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍). പ്രതിരോധത്തിലും രോഗനിര്‍ണയത്തിലും കേരളം രാജ്യത്തിനു മാതൃകയാണ്. രോഗിപരിചരണത്തിനും സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനും കേരളത്തെ മാതൃകയാക്കണമെന്നും ഐസിഎംആര്‍ പകര്‍ച്ചവ്യാധി- സമ്പര്‍ക്ക രോഗവിഭാഗം മേധാവി ഡോ. രാമന്‍ ഗംഗാഖേഡ്കര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയേറ്റവരില്‍ മൂന്നുപേര്‍ മരിച്ചു. മരണനിരക്ക് 0.6ഉം രോഗമുക്തി നിരക്ക് 92.03 ശതമാനവുമാണ്. നിരീക്ഷണത്തിലുള്ളവര്‍ 14,670 ആണ്. ഇവരില്‍ ആശുപത്രികളില്‍ കഴിയുന്നത് 268 പേരാണ്. കേരളത്തില്‍ ഇതുവരെ 34,599 പേരുടെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 34,063 പേരുടെ ഫലം നെഗറ്റീവ് ആണ്.




