തിരുവനന്തപുരം: അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസ് ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. https://pass.bsafe.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അപേക്ഷകരുടെ മൊബൈല്‍ ഫോണിലേക്ക് പാസിന്റെ ലിങ്ക് ലഭിക്കും.
ലോക്ഡൗണ്‍ കാരണം വിദേശത്തു കുടുങ്ങിയ കേരളീയര്‍ നാളെ മുതല്‍ എത്തിത്തുടങ്ങും. ഇതു സംബന്ധിച്ചുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിയോഗിക്കുന്ന വിമാനങ്ങളിലും പ്രതിരോധ വകുപ്പ് കപ്പലുകളിലുമാണ് ഇവര്‍ വരുന്നത്.
‘നാളെ രണ്ട് വിമാനങ്ങള്‍ വരുമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. അബുദാബി – കൊച്ചി, ദുബായ്- കോഴിക്കോട് വിമാനങ്ങളാണിത്. വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതിന്റെ മറുപടി ലഭിച്ചിട്ടില്ല. മടങ്ങിയെത്തുന്ന മലയാളികളുടെ കാര്യത്തില്‍ കരുതലോടെയാണ് നാം ഇടപെടുന്നത്. വരുന്നവര്‍ താമസസ്ഥലം മുതല്‍ യാത്രാവേളയില്‍ ഉടനീളം ജാഗ്രത പുലര്‍ത്തണം. വിമാനത്താവളം മുതല്‍ ജാഗ്രത വേണം. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്’-മുഖ്യമന്ത്രി പറഞ്ഞു.



