ന്യൂഡല്‍ഹി ഏപ്രിൽ 13: കോവിഡ് പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് തിരികെയെത്തിക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. എം.കെ.രാഘവന്‍ എം.പിയും പ്രവാസി ലീഗല്‍ സെല്ലുമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിരവധി പ്രവാസികളാണ് ലോക്ക് ഡൗണ്‍ മൂലം പുറത്തിറങ്ങാന്‍ കഴിയാതെ വിദേശ രാജ്യങ്ങളില്‍ പെട്ട് കിടക്കുന്നത്. ഇവര്‍ക്ക് അവശ്യ സാധനങ്ങളും മറ്റും ലഭിക്കുന്നില്ലെന്ന പരാതികളും ഉയരുന്നുണ്ട്. തൊഴിലാളി ക്യാമ്പുകളിലെ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വേണ്ട ചികിത്സയോ ഒന്നും തന്നെ ലഭ്യമല്ല.
കേന്ദ്രസര്‍ക്കാര്‍ ഹര്‍ജികളില്‍ നിലപാട് അറിയിക്കും. പൗരന്മാരെ സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ പ്രത്യേക വിമാനത്തില്‍ എത്തിക്കണമെന്നും കൊവിഡ് ബാധിതരായ പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ മികച്ച ചികിത്സയും, ഭക്ഷണവും, വെള്ളവും ഉറപ്പാക്കണമെന്നും എം.കെ.രാഘവന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

