അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു; ലോകത്ത് കൊവിഡ് മരണം 87292 രോഗബാധിതര്‍ 1489457

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഇന്നലെ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇടുക്കി തടിയമ്പാട് സ്വദേശിനിയായ പുത്തന്‍പുരയില്‍ മേരിയും തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂരുമാണ് ഇന്നലെ രാത്രി മരിച്ചത്. രണ്ട് പേരും കൊവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 82 വയസ്സുകാരനായ ടെന്നിസന് വാര്‍ദ്ധക്യസഹജമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.

ലോകത്ത് കൊവിഡ് 19 മരണം 87,292 ആയി. ആകെ 14,89,457 പേര്‍ കൊവിഡ് ബാധിതരാണ്. ഇതുവരെ 3,18,876 പേര്‍ രോഗമുക്തരായി. പതിനായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമാണ് ഫ്രാന്‍സ്. ഇന്നലെ ഫ്രാന്‍സില്‍ 514 പേര്‍ മരിച്ചു. ആകെ മരണം 10,869 ആയി. 628 മരണങ്ങള്‍ സ്‌പെയിനിലും 542 മരണങ്ങള്‍ ഇറ്റലിയിലും റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടനില്‍ ഇന്നലെ 938 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരിച്ചവരുടെ എണ്ണം 7,097 ആയി. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉടന്‍ തന്നെ ആരോഗ്യം വീണ്ടെടുക്കുമെന്നും രാജ്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നും പ്രധാനമന്ത്രിയുടെ താത്കാലിക ചുമതല വഹിക്കുന്ന ഡൊമിനിക് റാബ് മാധ്യമങ്ങളോട് പറഞ്ഞു.

ഇറാനില്‍ മരിച്ചവരുടെ എണ്ണം 3,993 ആയി. നെതര്‍ലന്റ്‌സില്‍ 2,248-ഉം ജര്‍മനിയില്‍ 2,105-ഉം പേര്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചു. അരലക്ഷത്തിലേറെ രോഗികളുളള ജര്‍മനിയുടേതാണ് ഏറ്റവും കുറഞ്ഞ മരണനിരക്ക്്. രോഗനിര്‍ണയ പരിശോധനയുടെ എണ്ണത്തിലും ജര്‍മനിയാണ് മുന്‍പില്‍. ബെല്‍ജിയത്തില്‍ 24 മണിക്കൂറിനിടെ 205 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 2,240 പേര്‍ മരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ മരണസംഖ്യ 200 ആണ്. ഇതുവരെ സ്വിറ്റ്‌സര്‍ലന്റില്‍ 895 പേരും തുര്‍ക്കിയില്‍ 812 പേരും പോര്‍ച്ചുഗലില്‍ 380 പേരും മരിച്ചു. ബ്രസീലിലെ മരണസംഖ്യ 706 ആയി സ്വീഡനില്‍ മരണം 687 ആയി. ഇന്തോനേഷ്യ-240, ഓസ്ട്രിയ-273, ഫിലിപ്പൈന്‍സ്-182, ഡെന്‍മാര്‍ക്ക്-203, ജപ്പാന്‍-93, കാനഡ-381, ഇറാഖ്-65, ഇക്വഡോര്‍-220 ഇങ്ങനെയാണ് മരണസംഖ്യ.

ഫിലിപ്പൈന്‍സും കൊളംബിയയും നിയന്ത്രണങ്ങള്‍ നീട്ടി. ചൈനയില്‍ ഇന്നലെ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വുഹാനില്‍ ലോക്ഡൗണ്‍ അവസാനിപ്പിച്ചു. റഷ്യയില്‍ ഒറ്റദിവസം ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്തൊനീഷ്യ, മെക്‌സ്‌ക്കോ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട്് ചെയ്യുന്നതില്‍ കുറവുണ്ടെന്ന് സ്‌പെയിനിലെ ആശുപത്രികളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇറ്റലിയിലും പുതിയ കേസുകള്‍ കുറവുണ്ട്. രോഗം ഭേദമായവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മാര്‍ച്ച് പത്തിന് ശേഷം ഏറ്റവും കുറവ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു ബുധനാഴ്ച. രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളുടെ ആവശ്യവും കുറഞ്ഞു. രോഗവ്യാപനം കുറവുള്ളതിനാല്‍ വൈകാതെ സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 14,214 ആയി. 4,18,044 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 22,184 പേര്‍ ആശുപത്രി വിട്ടു. 17,709 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമേരിക്കയില്‍ ബുധനാഴ്ച മാത്രം 1,373 പേര്‍ മരിച്ചു. കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും മരണസംഖ്യ കുറയ്ക്കാനാകാത്ത ആശങ്കയിലാണ് ന്യൂയോര്‍ക്ക്. ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ മരണസംഖ്യയാണ് ന്യൂയോര്‍ക്കില്‍ ബുധനാഴ്ചത്തേത്. ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനിടെ 779 മരണങ്ങളുണ്ടായി. 6,268 പേരാണ് ഇതുവരെ മരിച്ചത്. ഒന്നരലക്ഷത്തിനടുത്ത് ആളുകള്‍ക്ക് രോഗം ബാധിച്ചു. അതേസമയം ചില സംസ്ഥാനങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കുറയുന്നുണ്ട്.

Share
അഭിപ്രായം എഴുതാം