കല്പറ്റ ഏപ്രിൽ 2: മലബാര്‍ മേഖലയില്‍ നിന്ന് മില്‍മ, പാല്‍ സംഭരണം കുറച്ചതോടെ പ്രതിസന്ധിയിലായ വയനാട്ടിലെ ക്ഷീര കര്‍ഷകര്‍ക്ക് പനീര്‍ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുല്ല. പശുക്കള്‍ക്ക് വേണ്ട തീറ്റപ്പുല്ലും കാലിത്തീറ്റയും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്താത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് മില്‍മ മലബാര്‍ മേഖലയില്‍ നിന്ന് പാലളക്കുന്നത് പകുതിയായി കുറക്കാന്‍ തീരുമാനിച്ചതാണ് ക്ഷീരകര്‍ഷകര്‍ക്ക് തിരിച്ചടിയായത്. പാല്‍ വിറ്റ് ഉപജീവനം നടത്തുന്ന വയനാട്ടിലെ നൂറുകണക്കിന് കര്‍ഷകര്‍ക്ക് താത്കാലികാശ്വാസമായി മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പരിശീലനം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുല്ല പറഞ്ഞു.
കര്‍ണാടകയില്‍ നിന്നുള്ള തീറ്റപ്പുല്ലും തമിഴ്നാട്ടില്‍ നിന്ന് കാലിത്തീറ്റയും ഇപ്പോള്‍ വേണ്ടത്ര ലഭിക്കുന്നില്ല. ഇതും കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ പാല്‍പ്പൊടി വാങ്ങുന്ന മില്‍മ അത് ഇവിടെത്തന്നെ ഉദ്പാദിപ്പിക്കാന്‍ തയ്യാറായാല്‍ പ്രതിസന്ധികളെ മറികടക്കാനാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.