ലഖ്നൗ ഫെബ്രുവരി 21: അയോദ്ധ്യയില്‍ മസ്ജിദ് നിര്‍മ്മിക്കാനായി അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്. സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി. 2.77 ഏക്കര്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ നല്‍കിയതിന് പകരം സ്ഥലം വേണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു. നീതി കിട്ടിയില്ലെന്നായിരുന്നു മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ അഭിപ്രായം.
പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും പള്ളി തകര്‍ത്തതും ക്രിമിനല്‍ കുറ്റമായി കണ്ട കോടതിയുടെ നിലപാടില്‍ ശരികേടുണ്ടെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ബാബ്റി മസ്ജിദിന് പകരം മുസ്ലീം പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി വിധി.
2019 നവംബര്‍ 9നാണ് പതിറ്റാണ്ടുകള്‍ നീണ്ട അയോദ്ധ്യ-ബാബ്റി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. പള്ളി പൊളിച്ചുനീക്കിയ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മ്മിക്കാനായി അയോദ്ധ്യയില്‍ അഞ്ച് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു വിധി.



