ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ഛ് ഭാരത് ദൗത്യം -നഗരം പദ്ധതിയുടെ ആറാം വാർഷികം കേന്ദ്ര ഭവന-നഗര കാര്യ മന്ത്രാലയം ആഘോഷിക്കുന്നു

October 2, 2020

ന്യൂ ഡെൽഹി: സ്വച്ഛ് ഭാരത് ദൗത്യം-നഗരം  (എസ്ബിഎംയു) പദ്ധതിയുടെ  ആറാം വാർഷികാഘോഷത്തോടനുബന്ധിച്ച്, 2020 ഒക്ടോബർ 2 ന് കേന്ദ്ര ഭവന-നഗര കാര്യ മന്ത്രാലയം (MOHUA) ഒരു വെബിനാർ സംഘടിപ്പിക്കുകയാണ്. മഹാത്മാഗാന്ധിയുടെ 151-ാംജന്മവാർഷികം  ആഘോഷിക്കുന്ന ആ  സുദിനത്തിൽ  സംസ്ഥാനങ്ങളും നഗരങ്ങളും പദ്ധതിയിൽ സജീവ പങ്കാളിത്തമുള്ള മറ്റ് സംഘടനകളും അനുഭവങ്ങൾ പങ്കിടും. കേന്ദ്ര ഭവന-നഗര  കാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി വെബിനാറിൽ  അധ്യക്ഷത വഹിക്കും. ഫലപ്രദമായ ഖരമാലിന്യ സംസ്കരണത്തിനായി ഇന്ത്യയിലുടനീളം അവലംബിക്കുന്ന നൂതന രീതികൾ വിശദമാക്കുന്ന ഒരു സംക്ഷിപ്ത സമാഹാരവും ജിഐഎസ് പോർട്ടലും മന്ത്രി പുറത്തിറക്കും. കോവിഡ് -19 പ്രതിരോധിക്കാൻ ഇന്ത്യൻ നഗരങ്ങൾ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിവരണവും, ശുചിത്വ തൊഴിലാളികളുടെ പ്രചോദനാത്മകമായ കഥകളുടെ ശേഖരവും, ശുചിത്വ തൊഴിലാളികളുടെ സുരക്ഷയ്ക്കായി തയ്യാറാക്കിയ ടൂൾകിറ്റും മന്ത്രാലയം പുറത്തിറക്കും. 4,327 നഗര തദ്ദേശ സ്ഥാപനങ്ങളെ (യു‌എൽ‌ബി) ഇതുവരെ വെളിയിട വിസർജ്ജന മുക്തമായി പ്രഖ്യാപിച്ചു. 66 ലക്ഷത്തിലധികം വ്യക്തിഗത ഗാർഹിക  ശുചിമുറികളും  6 ലക്ഷത്തിലധികം സാമൂഹിക/പൊതു ശുചിമുറികളും ഇതിനോടകം നിർമ്മിച്ചിട്ടുണ്ട്. ഒഡിഎഫ് +, ഒഡിഎഫ് ++ പ്രോട്ടോക്കോളുകൾ നടപ്പാക്കുന്നതിലാണ് സ്വച്ഛ് ഭാരത് ദൗത്യം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒഡിഎഫ് + അംഗീകാരമുള്ള 1,319 നഗരങ്ങളും. ഒഡിഎഫ് ++ അംഗീകാരമുള്ള 489 നഗരങ്ങളുമാണ് ഇപ്പോൾ ഉള്ളത്. 2,900 നഗരങ്ങളിലായി 59,900 ശുചിമുറികൾ ഗൂഗിള്‍ മാപ്പിൽ ലഭ്യമാക്കി. മാലിന്യ നിർമ്മാർജ്ജന മേഖലയിൽ പ്രവർത്തിക്കുന്ന 84,000 അനൗപചാരിക ശുചിത്വ തൊഴിലാളികളെ മുഖ്യധാരയുമായി സംയോജിപ്പിക്കുന്നതിൽ ദൗത്യം വിജയച്ചു.5.5 ലക്ഷത്തിലധികം ശുചിത്വ തൊഴിലാളികളെ സർക്കാരിനു കീഴിലുള്ള വിവിധ ക്ഷേമ പദ്ധതികളുടെ ഭാഗമാക്കുകയും ചെയ്തു. ബന്ധപ്പെട്ട രേഖ:https://www.pib.gov.in/PressReleasePage.aspx?PRID=1660654