ചെന്നൈ: ഡി എം കെ നേതാവ് എ രാജ തനിക്കെതിരെ നടത്തിയ പരാമർശത്തിൽ വിങ്ങിപ്പൊട്ടി തമിഴ് നാട് മുഖ്യമന്ത്രിയും എ ഐ ഡി എം കെ നേതാവുമായ എടപ്പാടി പളനി സ്വാമി.
‘എന്തൊരു വെറുപ്പുളവാക്കുന്ന പ്രസംഗമാണിത്. മുഖ്യമന്ത്രി ഒരു സാധാരണ ക്കാരനായിരുന്നെങ്കിൽ എങ്ങനെയായിരിക്കും അവർ സംസാരിക്കുക. മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരെ ആരായിരിക്കും സംരക്ഷിക്കുക?. എന്‍റെ മാതാവ് ഒരു ഗ്രാമത്തിലാണ് ജനിച്ചത്. അവർ ഒരു കർഷകസ്ത്രീയായിരുന്നു. രാത്രിയും പകലും ജോലി ചെയ്തു. അവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അദ്ദേഹം നടത്തിയ ആ പരാമർശം എത്രത്തോളം വെറുപ്പ് നിറഞ്ഞതായിരുന്നു. അത്തരം ആളുകൾ അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ കാര്യമെന്താകുമെന്ന് ചിന്തിച്ചുനോക്കൂ. സ്ത്രീത്വത്തെയും മാതൃത്വത്തെയും കുറിച്ച് ഇത്തരം വൃത്തികെട്ട അഭിപ്രായങ്ങൾ ഉന്നയിക്കുന്നവരെ പാഠം പഠിപ്പിക്കണം’ ഇ.പി.എസ് പറഞ്ഞു.
ദരിദ്രരായാലും സമ്പന്നരായാലും അമ്മമാർ സമൂഹത്തിൽ ഉയർന്ന സ്ഥാനത്തിന് അർഹരാണെന്നും ആരെങ്കിലും അവരെക്കുറിച്ച് അസുഖകരമായി സംസാരിച്ചാൽ അവരെ ദൈവം ശിക്ഷിക്കുമെന്നും ഇ.പി.എസ് കൂട്ടിച്ചേർത്തു. 28/03/21 ഞായറാഴ്ച ചെന്നൈയിലെ തിരുവൊട്രിയൂരിൽ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവിഹിത ബന്ധത്തിൽ പിറന്ന വളർച്ചയെത്താത്ത കുഞ്ഞ് ‘ എന്നാണ് ഇ പി എസ്സിനെ എ രാജ കഴിഞ്ഞ ദിവസം ഒരു പ്രസംഗമധ്യേ വിശേഷിപ്പിച്ചത്.
സംഭവത്തിൽ ചെന്നൈ സെന്‍ട്രൽ ക്രൈംബ്രാഞ്ച് പൊലീസ് രാജക്കെതിരെ കേസെടുത്തിരുന്നു.

