റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡി എം കെ യുമായി സഖ്യമുണ്ടാക്കാൻ തമിഴ്നാട്ടിലെ സി പി എം 25 കോടി രൂപ വാങ്ങിയെന്ന് മക്കൾ നീതിമയ്യം നേതാവ് കമൽ ഹാസൻ

March 28, 2021 - 12:59 pm

ചെന്നൈ: തമിഴ് നാട്ടിലെ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായി കമല്‍ ഹാസന്‍. കോടികള്‍ കൈപ്പറ്റിയാണ് തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഡിഎംകെയില്‍ ചേര്‍ന്നതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കളുടെ അധപതനത്തില്‍ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 27/03/21 ശനിയാഴ്ച ഒരു പ്രമുഖ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമൽ ഹാസന്റെ പ്രതികരണം.

മക്കള്‍ നീതി മയ്യത്തിന് സിപിഐഎമ്മുമായി സഖ്യമുണ്ടാക്കാന്‍ കഴിയാത്തത് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മുന്‍വിധി കാരണമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശനത്തെ യെച്ചൂരി വിലകുറച്ചുകണ്ടു. സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നു. തന്റേത് ചെറിയ പാര്‍ട്ടിയാണെന്ന് മുന്‍പ് തന്നെ യെച്ചൂരി അടക്കമുള്ളവരോട് സൂചിപ്പിച്ചിരുന്നു. എന്നിട്ടും യെച്ചൂരിയ്ക്ക് തന്റെ പാര്‍ട്ടിയെക്കുറിച്ചുള്ള മുന്‍വിധി സഖ്യം അസാധ്യമാക്കിയെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.

ഡിഎംകെയില്‍ നിന്ന് മുന്നണി പ്രവേശനത്തിന് സിപിഐഎം 25 കോടി രൂപ കൈപ്പറ്റിയെന്നാണ് കമല്‍ ഹാസന്റെ ആരോപണം. സഖ്യത്തിനായി കോണ്‍ഗ്രസ് പോലും തന്നെ വിളിച്ചിരുന്നതായി കമല്‍ ഹാസന്‍ പറയുന്നു. എന്നാല്‍ അവരുമായി താന്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. അവര്‍ ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ചാല്‍ മാത്രം സഖ്യത്തെക്കുറിച്ച് ആലോചിക്കാമെന്നാണ് തങ്ങള്‍ മറുപടി പറഞ്ഞിരുന്നതെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലെയല്ല തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു. ഇസത്തില്‍ മുറുകെ പിടിച്ചാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. മുന്നണിയില്‍ ചേരുന്നതിന് കോടികള്‍ വാങ്ങുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഫണ്ടിംഗ് എന്ന് ന്യായം പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *