റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ ചലച്ചിത്ര പുരസ്‌കാരം: പത്ത് പുരസ്‌കാരങ്ങള്‍ നേടി മലയാളം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമ

March 22, 2021 - 10:36 pm

ന്യൂഡല്‍ഹി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം ദേശീയ തലത്തില്‍ മികച്ച സിനിമ. 2019ലെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രമടക്കം മലയാളത്തിന് പത്ത് പുരസ്‌കാരങ്ങളാണുള്ളത്. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത ഒരു പാതിരാ സ്വപ്നം പോലെ മികച്ച കുടുംബ ചിത്രവും ബിരിയാണി പ്രത്യേക ജൂറി പരാമര്‍ശവും നേടി. കോളാമ്പിയിലൂടെ ‘ആരോടും പറയാതെ വയ്യ’ എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരത്തിന് പ്രഭ വര്‍മ അര്‍ഹനായി. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ വിഎഫ്എക്‌സിനുള്ള അവാര്‍ഡ് സിദ്ധാര്‍ഥ് പ്രിയദര്‍ശനും വസ്ത്രാലങ്കാരത്തിന് പുരസ്‌കാരം സുജിത് സുധാകരനും നേടി. മികച്ച മലയാളചിത്രം രാഹുല്‍ റജി നായരുടെ കള്ളനോട്ടം. മികച്ച നടനുള്ള അവാര്‍ഡ് മനോജ് ബാജ്‌പേയിയും (ഭോസ്ലെ), ധനുഷും (അസുരന്‍) പങ്കിട്ടു. മികച്ച നടി മണികര്‍ണികയിലൂടെ കങ്കണ റണൗട്ടിന് ലഭിച്ചു. മികച്ച സഹനടി പല്ലവി ജോഷി.

മികച്ച സഹനടന്‍ വിജയ് സേതുപതി (സൂപ്പര്‍ ഡീലക്‌സ്). മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരവും ഹെലന്‍ ചിത്രത്തിന് ലഭിച്ചു. സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും മേക്കപ്പ് മാന്‍ രഞ്ജിത് അമ്പാടിയുമാണ് അവാര്‍ഡ് ജേതാക്കളായത്. വിശ്വാസം എന്ന തമിഴ് ചിത്രത്തിലൂടെ ഡി. ഇമ്മന്‍ മികച്ച സംഗീത സംവിധായകനായി. മികച്ച ശബ്ദലേഖനത്തിന് റസൂല്‍ പൂക്കുട്ടി പുരസ്‌കാരാര്‍ഹനായി. മികച്ച നൃത്ത സംവിധായകന്‍ രാജു സുന്ദരം. ഗിരീഷ് ഗംഗാധരന്‍ മികച്ച ഛായാഗ്രഹനായി. ജല്ലിക്കട്ടിലൂടെയാണ് പുരസ്‌കാര നേട്ടം. മികച്ച തമിഴ് ചിത്രം വെട്രിമാരന്റെ അസുരന്‍. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തെരഞ്ഞെടുത്തു. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിന് സഞ്ജയ് സൂരിക്ക് പുരസ്‌കാരം ലഭിച്ചു. മറാഠി എഴുത്തുകാരന്‍ അശോക് റാണെ, പിപി രാമദാസനായിഡു എന്നിവര്‍ക്കും മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച ശബ്ദവിവരണത്തിന് കന്നഡ ചിത്രത്തിലൂടെ ഡേവിഡ് അറ്റന്‍ബറോ പുരസ്‌കാരം നേടി. ദി സ്റ്റാര്‍ക് സേവിയേഴ്‌സ് മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള അവാര്‍ഡ് നേടി. ആപ്പിള്‍സ് ആന്റ് ഓറഞ്ചസ് മികച്ച വിദ്യാഭ്യാസ ചിത്രമായി. സോബിനി ചതോപാധ്യായ മികച്ച നിരൂപണത്തിന് അവാര്‍ഡ് നേടി. മികച്ച ബാലതാരം തമിഴ് താരം നാദ വിശാലിനെ തെരഞ്ഞെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *