കോട്ടയം: ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ കൈക്കുഞ്ഞുമായി അഭയ കേന്ദ്രത്തില്‍ കഴിഞ്ഞ മധ്യപ്രദേശ് സ്വദേശിനി 8 വര്‍ഷത്തിന് ശേഷം കുടുംബത്തിന്റെ തണലിലേക്ക് .സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകാന്‍ അറിയാതെ ഗാന്ധിനഗര്‍ സാന്ത്വനത്തിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന മണ്ഡല് ജില്ലയില്‍ നിന്നുളള ബൃഹസ്പതി (24) മകന് ഓംകാര്‍(4)എന്നിവരെ ഇന്നലെ (04.02.2021)അച്ചന് രത്തിറാം എത്തി കൂട്ടിക്കൊണ്ടുപോയി. വര്‍ഷങ്ങളായി ഈ അച്ഛന് ഇവരെ തേടി കേരളത്തിലും തമിഴ്നാട്ടിലുമായി അലയുകയായിരുന്നു. സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവും ഇവിടത്തെ അന്തേവാസിയായ സുമനുമാണ് ഈ സമാഗമനത്തിന് വഴിയൊരുക്കിയത്.
എഴുത്തും വായനയും അറിയാത്ത ബൃഹസ്പതിയെ മദ്ധ്യപദേശ് സ്വദേശിയായ മനോഹറാണ് വിവാഹം കഴിച്ചിരുന്നത്. ഏലപ്പാറയിലെ ഏലത്തോട്ടത്തില്‍ തൊഴിലാളിയായിരുന്നു മനോഹര്‍. ഏലത്തോട്ടത്തില്‍ വെച്ച് ബൃഹസ്പദി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. തുടര്‍ന്ന് മനോഹര്‍ നാട്ടുകാരുടെ സഹായത്തോടെ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചശേഷം മുങ്ങുകയായിരുന്നു. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കിയതേയില്ല. 10 ദിവസമായിട്ടും ആരും തേടി വരാതിരുന്നതോടെ ആശുപത്രി അധികൃതര്‍ ബൃഹസ്പദിയെ സാന്ത്വനത്തിലേക്ക് മാറ്റുകയായിരുന്നു. മദ്ധ്യപ്രദേശിലെ സ്വന്തം വീട്ടിലേക്ക് പോകാനും ബൃഹസ്പദിക്ക് അറിയാതെ വന്നതോടെ സാന്ത്വനത്തില്‍ തുടരുകയായിരുന്നു.
മകളേയും മരുമകനേയും കാണാതെ വന്നതോടെ അച്ഛന് രത്തിറാം ഇവരെ അന്വേഷിച്ച് കേരളത്തിലെത്തി. ഇടുക്കി കോട്ടയം ജില്ലകളില്‍ മാസങ്ങളോളെ ചെലവിട്ടെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് തമിഴ്നാട്ടിലും ഏറെക്കാലം അന്വേഷിച്ചു. ഒടുവില്‍ സാന്ത്വനത്തില്‍ കഴിഞ്ഞിരുന്ന സുമന് സ്വദേശമായ മദ്ധ്യപ്രദേശിലേക്ക് തിരിച്ചുപോയതോടെയാണ് ഇവരുടെ കുടുംബത്തെ കണ്ടെത്താനുളള ശ്രമങ്ങള്‍ സാന്ത്വനം അധികൃതര്‍ ആരംഭിച്ചത്. സുമന് തന്റെ സഹോദരന്റെ സഹായത്തോടെ ബൃഹസ്പതി പറഞ്ഞ സ്ഥലത്തെത്തി കുടുംബാംഗങ്ങളെ കണ്ടെത്തുകയായിരുന്നു. അപ്പോഴാണ് തന്റെ മകള്‍ കോട്ടയത്തുണ്ടെന്നും കുഞ്ഞ് ജനിച്ചതും മനോഹര്‍ ഉപേക്ഷിച്ചതുമായ വിവരങ്ങള്‍ അറിയുന്നത്. അതോടെ അച്ഛന് കോട്ടയത്തേക്ക് തിരിക്കുകയായിരുന്നു.

