തിരുവനന്തപുരം: ഫിലമെന്റ് രഹിത കേരളം പദ്ധതി വഴി 100 മുതല്‍ 150 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഫിലമെന്റ് രഹിത കേരളത്തിന്റെ ഭാഗമായ എല്‍ഇഡി ബള്‍ബുകളുടെ വിതരണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആഗോളതാപനം എന്ന മഹാവിപത്തിനെ തടയിടാന്‍ കേരളം മുന്നോട്ടുവെക്കുന്ന ബദല്‍ ഇടപെടലാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി വീടുകളില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ എത്തിക്കും , അവിടെയുള്ള ട്യൂബുകളും ബള്‍ബുകളും തിരികെവാങ്ങിയുമാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി നടപ്പാക്കുന്നത്. മൂന്നുവര്‍ഷം ഗ്യാരന്റിയുള്ള ഗുണമേന്മയുള്ള എല്‍.ഇ.ഡികളാണ് വിതരണം ചെയ്യുന്നത്. ഗ്യാരന്റി കാലയളവില്‍ കേടുവന്നാല്‍ മാറ്റിനല്‍കും.
100 വാട്ട് ബള്‍ബിനേക്കാള്‍ പ്രകാശം ഒമ്പത് വാട്ടിന്റെ എല്‍.ഇ.ഡി ബള്‍ബ് നല്കുമെന്നതിനാല് വൈദ്യുതിയും ലാഭിക്കാം ചെലവും കുറയ്ക്കാൻ കഴിയും.
കെ.എസ്.ഇ.ബി വെബ്സൈറ്റില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത 17 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്കായി ഒരുകോടിയോളം എൽ ഇ ഡി ബള്‍ബുകളാണ് ഈ ഘട്ടത്തില്‍ നല്‍കുക. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം
‘നിലാവ്’ പദ്ധതി തദ്ദേശസ്വയംഭരണ വകുപ്പും കെ.എസ്.ഇ.ബിയും ചേര്‍ന്ന് തെരുവു വിളക്കുകൾ എൽ. ഇ. ഡി ആക്കാനും പദ്ധതിയുണ്ട്. ഇതിനായി 16 ലക്ഷത്തോളം തെരുവുവിളക്കുകള്‍ ഉള്ളതില്‍ അഞ്ചരലക്ഷത്തോളം നിലവില്‍ എല്‍.ഇ.ഡിയാണ്. ബാക്കി കൂടി എല്‍.ഇ.ഡി ആക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ രണ്ടുലക്ഷം വിളക്കുകളും അടുത്തഘട്ടം ബാക്കിയും എല്‍.ഇ.ഡി ആക്കുകയാണ് ലക്ഷ്യം. 205 കോടി രൂപ കിഫ്ബി വഴി ഇതിനായി ചെലവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

