ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരമുള്‍പ്പെടുന്ന ‘സെന്‍ട്രല്‍ വിസ്ത’ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടുപോകാൻ സുപ്രീംകോടതിയുടെ അനുമതി. പദ്ധതിക്കെതിരായ ഹര്‍ജികളില്‍ ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്. കടലാസ് ജോലികളുമായി മുന്നോട്ടുപോകാന്‍ ഭൂരിപക്ഷ വിധിയില്‍ കോടതി അംഗീകാരം നല്‍കി.
കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിക്കെതിരായ ഹര്‍ജികള്‍ 2020 നവംബര്‍ അഞ്ചിനാണ് സുപ്രീംകോടതി വിധിപറയാന്‍ മാറ്റിയത്. പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതി ഉപേക്ഷിക്കണമെന്നുകാട്ടി 60 മുന്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
സുപ്രീംകോടതി നേരത്തേ അനുമതി നല്‍കിയത് പ്രകാരം 2020 ഡിസംബർ 10 ന്
പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങ് നടത്തിയിരുന്നു. പ്രധാനമന്ത്രിയാണ് ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
‘ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന 2022-നു മുന്‍പായി പുതിയ മന്ദിരസമുച്ചയം നിര്‍മിക്കാനാണ് ലക്ഷ്യം. ഇപ്പോഴത്തെ പാര്‍ലമെന്റ് കെട്ടിടത്തിന് സൗകര്യവും സുരക്ഷയും സാങ്കേതികസംവിധാനങ്ങളും കുറവായതിനാല്‍ പുതിയത് നിര്‍മിക്കാതെ പറ്റില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

