ബെംഗളൂരു: നിയമസഭ കൗണ്‍സിലില്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന കാരണത്താല്‍ ഗോവധ നിരോധന നിയമത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാര്‍.കന്നുകാലി കശാപ്പ് നിരോധന ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ജെഡിയുവും രംഗത്തെത്തിയിരുന്നു. ബില്‍ വ്യാഴാഴ്ച നിയമസഭ കൗണ്‍സിലിന്റെ അജണ്ടയില്‍ ലിസ്റ്റുചെയ്തിരുന്നുവെങ്കിലും ശീതകാല സമ്മേളനം മാറ്റിവയ്ക്കുന്നതിന് മുമ്പായി അവസാന നിമിഷം മാറ്റുകയായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ നീക്കം നടക്കുന്നത്.
”ബില്‍ അവതരിപ്പിക്കാനുള്ള നീക്കം മാറ്റുന്നതിന് ചില സാങ്കേതിക കാരണങ്ങളുണ്ട്. ഇത് ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് റഫര്‍ ചെയ്യപ്പെടുമെന്നോ അല്ലെങ്കില്‍ പരാജയപ്പെടുമെന്നോ ഭയപ്പെടുന്നു. അങ്ങനെ സംഭവിച്ചാല്‍ നിയമം നടപ്പാക്കുന്നതിന് കാലതാമസമുണ്ടാക്കും. കൂടുതല്‍ ഉചിതമായ സമയത്ത് കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു,” എന്നാണ് ബിജെപി വൃത്തങ്ങള്‍ പറഞ്ഞത്.
ഓര്‍ഡിനന്‍സ് വന്നില്ലെങ്കില്‍ കര്‍ണാടകയിലെ കന്നുകാലി കശാപ്പ് നിരോധന നിയമം നടപ്പാക്കുന്നതില്‍ കാലതാമസമെടുക്കും. അടുത്ത നിയമസഭാ സമ്മേളനം വരെ നിയമം നടപ്പാക്കാനാകില്ല. കൗണ്‍സിലില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്നാണ് ബില്‍ അവതരണം നീട്ടിവച്ചത്. ബില്ലിനെതിരെ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.




