തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ. കോവിഡാനന്തര രോഗങ്ങളുടെ ചികിത്സയ്ക്കായാണ് 08/12/20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത് എന്നാണ് സൂചന.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് 10/12/20 വ്യാഴാഴ്ച ഹാജരാകാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സി. എം .രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. മുൻപ് രണ്ട് തവണ ഇ ഡി ചോദ്യം ചെയ്യാൻ വിളിച്ചപ്പൊഴും സി എം രവീന്ദ്രൻ ആശുപത്രിയിൽ ആയിരുന്നു. ഇതിൽ ഒരു തവണ അദ്ദേഹത്തിന് കോവിഡായിരുന്നു.
സി എം രവീന്ദ്രൻ അസുഖങ്ങളുടെ പേരു പറഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും സി പി എം തന്നെ അദ്ദേഹത്തോട് അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
രവീന്ദ്രൻ്റെ പണമിടപാടുകളുമായി ബന്ധപ്പെട്ട് ഇ ഡി യുടെ അന്വേഷണം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റേഴ്സ് സൊസൈറ്റിയിലടക്കം എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് രവീന്ദ്രൻ വീണ്ടും അസുഖബാധിതനായത്.

