കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച ഡിസംബർ 5 ന് രണ്ട് മണിക്ക്

ന്യൂഡൽഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച(05/12/2020) വീണ്ടും ചർച്ച നടത്തും. താങ്ങുവില മാറ്റമില്ലാതെ തുടരും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രം കര്‍ഷകര്‍ക്ക് മുന്നില്‍ വച്ചിരുന്നു. കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങളില്‍ രണ്ടുവ്യവസ്ഥകള്‍ ഭേദഗതി ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തുടര്‍ ചര്‍ച്ചകളാണ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് നടക്കുക. ഈ നിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ച്ച(03/12/2020) നടന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ അംഗീകരിച്ചിരുന്നില്ല. സമവായം തേടി കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ വിജ്ഞാന്‍ ഭവനിലാണ് കര്‍ഷകസംഘടനാ പ്രതിനിധികളെ ശനിയാഴ്ച ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

വിവാദനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാഴാഴ്ച്ച നടന്ന കൂടിക്കാഴ്ച്ചയില്‍ കര്‍ഷകര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. പ്രാദേശിക നിയന്ത്രണത്തിലുള്ള വിപണികളും താങ്ങുവിലയും നിലനിര്‍ത്തുമെന്ന് കേന്ദ്രം കര്‍ഷകരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ക്ക് സ്വീകാര്യമായിരുന്നില്ല. വിവാദ നിയമങ്ങള്‍ പിന്‍വലിച്ച് പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച്ച നടന്ന ചര്‍ച്ചയില്‍ കേന്ദ്രകൃഷിമന്ത്രി കൂടാതെ പീയുഷ് ഗോയല്‍, സോം പ്രകാശ് എന്നിവരും പങ്കെടുത്തിരുന്നു.

സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 8ന് കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ ടോള്‍ പ്ലാസകളും ഉപരോധിക്കാനും ദില്ലിയിലേക്കുള്ള റോഡുകള്‍ അടയ്ക്കാനും കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തു. പ്രതിഷേധപരിപാടികളുടെ ഭാഗമായി കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കും.

കര്‍ഷകരോഷം കത്തുന്ന ദില്ലി- യുപി അതിര്‍ത്തികളില്‍ പൊലീസും കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്. കര്‍ണാല്‍ ദേശീയ പാതയിലും ഡല്‍ഹി മീററ്റ് റോഡിലും ഇന്ത്യാ ഗേറ്റ് പരിസരത്തും കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലധികം കര്‍ഷകരാണ് വിവാദ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് തെരുവുകളിലുള്ളത്. മധ്യപ്രദേശില്‍നിന്നും 100 ട്രാക്ടറുകളില്‍ കൂടുതല്‍ കര്‍ഷകര്‍ ദില്ലിയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →