പ്രവാസികള്‍ക്ക് തപാല്‍ ബാലറ്റ് വോട്ട്, അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ നിര്‍ണായക ചുവടുവെപ്പിനൊരുങ്ങി നില്‍ക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ ഒരുക്കമാണെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെങ്കിലും അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ ഒരു സുപ്രധാന തീരുമാനത്തിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോകുന്നതെന്നത് ശ്രദ്ധേയമാണ്. 2014 മുതല്‍ സുപ്രീംകോടതിയിലുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ട്. പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിനായുള്ള ഒരു ബില്‍ നേരത്തെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നു. പലപ്പോഴും സംഘടനകള്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ കോവിഡ് വില്ലനായി. അതിനാല്‍, വോട്ടുവിമാനങ്ങള്‍ പറന്നില്ല. ഈ സാഹചര്യത്തിലാണ് ഇലക്‌ട്രോണിക് തപാല്‍ വോട്ടിനെ പ്രവാസികള്‍ പ്രതീക്ഷയോടെ കാണുന്നത്.

എങ്ങനെ ഒരു പ്രവാസി ഇന്ത്യക്കാരന്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കും?

പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലം ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തിന്റെ ഇ. ആര്‍. ഒ.യ്ക്ക് -( ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍) അപേക്ഷ ഫോം 6 എ സമര്‍പ്പിക്കണം. അപേക്ഷ ഇ. ആര്‍. ഒ.യ്ക്ക് നേരിട്ടോ തപാല്‍ വഴിയോ നല്കാം. തപാല്‍ വഴി അപേക്ഷിക്കുയാണെങ്കില്‍ അപേക്ഷയോടൊപ്പം പാസ്പോര്‍ടിന്റെയും ഫോം 6 എ യില്‍ പറഞ്ഞിട്ടുള്ള രേഖകളുടേയും അതത് രാജ്യത്തെ ഇന്ത്യന്‍ എംബസ്സി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടി അയക്കണം.

തപാല്‍ വോട്ടിങ് നടപടികള്‍ ഇങ്ങനെ:

ഏകദേശം ഒരു കോടി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 60 ലക്ഷം പേരും വോട്ടിന് അര്‍ഹരാണ്. നിലവില്‍ സര്‍വിസ് വോട്ടര്‍മാര്‍ക്ക് മാത്രമാണ് ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് സംവിധാനം വിനിയോഗിക്കാനാവുക. ഈ സംവിധാനം ഉപയോഗിച്ച് ആദ്യം ഇ-മെയില്‍ വഴി പോസ്റ്റല്‍ ബാലറ്റ് അയക്കും. തുടര്‍ന്ന് പ്രിന്റെടുത്ത് വോട്ട് രേഖപ്പെടുത്തി തപാല്‍ വഴി മടക്കിനല്‍കണം.

വിദേശ വോട്ടര്‍മാര്‍ക്ക് ഈ സൗകര്യം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ 1961ലെ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യേണ്ടതുണ്ട്. എന്നാല്‍, ഇതിന് പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമില്ല. നിയമ ഭേദഗതി വന്നാല്‍, തപാല്‍ ബാലറ്റിലൂടെ വോട്ടുചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് അഞ്ച്ദി വസത്തിനുള്ളില്‍ റിട്ടേണിംഗ് ഓഫിസറെ അറിയിക്കണം.

റിട്ടേണിങ് ഓഫിസര്‍ ബാലറ്റ് പേപ്പര്‍ ഇലക്ട്രോണിക്കായി അയക്കും. തുടര്‍ന്ന് പ്രിന്റെടുത്ത് വോട്ട് രേഖപ്പെടുത്താം. പിന്നീട് എന്‍.ആര്‍.ഐ താമസിക്കുന്ന രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധി നിയോഗിച്ച ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണം. തുടര്‍ന്നാണ് തപാല്‍ വഴി അയക്കേണ്ടത്.

പ്രവാസികളുടെ ജനസംഖ്യ യുഎന്‍ കണക്ക്

2015 ലെ യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ പ്രവാസികളുടെ ജനസംഖ്യ 16 ദശലക്ഷം ആളുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയാണ്. എന്‍ആര്‍ഐ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ വളരെ കുറവാണ്: ഒരു ലക്ഷത്തിലധികം വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയില്‍ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തതായി ഇസി പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏകദേശം 25,000 പേര്‍ വോട്ടുചെയ്യാന്‍ ഇന്ത്യയിലേക്ക് എത്തിയിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയും

ഇപ്പോള്‍ സൈനികര്‍ക്ക് മാത്രമുള്ള ഇലക്ട്രോണിക് തപാല്‍ ബാലറ്റ് പ്രവാസികള്‍ക്കും ലഭ്യമാക്കാന്‍ 1961ലെ തിരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യണം. പാര്‍ലമെന്റിന്റെ അനുമതി ഇല്ലാതെ കേന്ദ്രത്തിന് ഇത് ചെയ്യാം. 2014ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവാസി വോട്ടവകാശം നടപ്പാക്കാന്‍ വിദേശ മന്ത്രാലയവുമായും രാഷ്ട്രീയകക്ഷികളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്‍.സി.പി മാത്രം പിന്താങ്ങി. ബി.ജെ.പി, സി.പി.എം, ബി.എസ്.പി അനുകൂലിച്ചില്ല. പ്രവാസി വോട്ടിംഗ് നല്ലതാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് ഇലക്ട്രോണിക് ബാലറ്റിനോട് വിയോജിച്ചു. എംബസികള്‍ വഴി ബാലറ്റ് സാക്ഷ്യപ്പെടുത്താനാകില്ലെന്നും ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളില്‍ അനുമതി ബുദ്ധിമുട്ടാകുമെന്നും വിദേശ മന്ത്രാലയം അറിയിച്ചു. തുടര്‍ന്ന്, പ്രവാസിയുടെ പ്രതിനിധി മണ്ഡലത്തില്‍ വോട്ടു ചെയ്യുന്ന പ്രോക്‌സി വോട്ടിംഗ് നടപ്പാക്കാനായി നീക്കം. ഇതിനായി 1951ലെ ജനപ്രാതിനിധ്യ നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയുടെ പരിഗണനയിലിരിക്കെ ലാപ്‌സായി. പുതിയ നിര്‍ദ്ദേശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രോക്സി വോട്ട് സൂചിപ്പിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →