നേപ്പിള്‍സ്: ഡീഗോ മറഡോണയുടെ ഓര്‍മകളില്‍ യൂറോപ ലീഗില്‍ നാപോളി കളക്കാനിറങ്ങി. എച്ച്‌എന്‍കെ റിയെക്കയുമായിട്ടായിരുന്നു നാപോളിയുടെ മത്സരം. മറഡോണയ്ക്കുള്ള ആദരമായി രണ്ടു ഗോളിന് ജയവും അവർ സ്വന്തമാക്കി.
മറഡോണ ഏറെക്കാലം കളിച്ച നേപ്പിള്‍സിലെ സാന്‍പോളോ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇതിഹാസതാരത്തിന് ആദരം അര്‍പ്പിച്ചാണ് കളി തുടങ്ങിയത്. നാപോളി ടീമംഗങ്ങളെല്ലാം മാറഡോണയുടെ പത്താം നമ്പര്‍ ജേഴ്സിയുമണിഞ്ഞ് കളത്തിലിറങ്ങി. ഒരു മിനിറ്റ് മൗനം ആചരിച്ചു.
1984ല്‍ നാപോളിയില്‍ എത്തിയ മറഡോണ ക്ലബ്ബിന് രണ്ട് ഇറ്റാലിയന്‍ ലീഗ് കിരീടങ്ങളും യൂറോപ്യന്‍ കപ്പും സമ്മാനിച്ചിരുന്നു.സാന്‍പോളോ സ്റ്റേഡിയത്തിന് മറഡോണയുടെ പേര് നല്‍കണമെന്ന് നാപോളി ഉടമ ഒറേലിയോ ഡി ലൗറെന്റി കത്തെഴുതിയിരുന്നു.നേപ്പിള്‍സ് മേയര്‍ ല്യൂജി ഡി മജിസ്ട്രിസ് ഈ നിര്‍ദേശത്തെ പിന്താങ്ങി.



