തിരുവനന്തപുരം: സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തിനിടെ പരസ്‌പരം വെല്ലുവിളിച്ച സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പിഎസ് സുപാലിനെ സസ്‌പ്പെന്‍റ് ചെയ്യുുകയും സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ രാജേന്ദ്രന് താക്കീത് നല്‍കുകയും ചെയ്‌തു. മൂന്നുമാസത്തേക്കാണ് സുപാലിനെ സസ്‌പ്പെന്‍റ് ചെയ്‌തിരിക്കുന്നത്. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് നേതാക്കള്‍ക്കെതിരെ നടപടി.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളെ നിശ്ചയിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കൊട്ടാരക്കരയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപാലും രാജേന്ദ്രനും പരസ്‌പരം വെല്ലുവിളിച്ചത്. സംഭവത്തില്‍ ഇരുവരോടും പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. കെ ഇ ഇസ്‌മായേല്‍ പക്ഷക്കാരനും കൊല്ലം ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറിയുമായ സുപാല്‍ നല്‍കിയ വിശദീകരണം തളളിയ സംസ്ഥാന കൗണ്‍സില്‍ മൂന്നുമാസത്തേക്ക് സസ്‌പ്പെന്‍റ് ചെയ്യുകയായിരുന്നു. കാനം രാജേന്ദ്രന്‍റെ പക്ഷത്തിനൊപ്പം നില്‍ക്കുന്ന രാജേന്ദ്രന്‍റെ വിശദീകരണം പാര്‍ട്ടി സ്വീകരിച്ചു.
അതേസമയം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിലപാടിനെ ചോദ്യം ചെയ്‌ത് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. സുപാലിന് സസ്‌പെന്‍ഷനും രാജേന്ദ്രന് താക്കീതും എന്ന രീതി ശരിയെല്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. സുപാലിന്‍റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാനം രാജേന്ദ്രന്‍ പാര്‍ട്ടിയെ എകെജി സെന്‍ററിന്‍റെ അടിമയാക്കിയെന്ന് പി ,സന്തോഷ്‌കുമാര്‍ വിമര്‍ശിച്ചു.
ജില്ലാ സെക്രട്ടറി, അസിസ്‌റ്റന്‍റ് സെക്രട്ടറിമാര്‍ എന്നിവരുടെ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം നടപ്പാക്കാന്‍ കഴിയാതായതോടെയാണ് സിപിഐ ല്‍ വിഭാഗീയത രൂക്ഷമായത്. സംസ്ഥാന നേതൃത്വത്തെ ചോദ്യം ചെയ്‌തിട്ടില്ലെന്നും എന്‍ അനിരുദ്ധനെ മാറ്റി സിഎംപി മുന്‍ ജില്ലാ സെക്രട്ടറികൂടിയായ ആര്‍ രാജേന്ദ്രനെ സെക്രട്ടറിയാക്കാനുളള തീരുമാനത്തെയാണ് ചോദ്യം ചെയ്‌തതെന്നുമാണ് മറുചേരിയുടെ വാദം .
