തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മരണംവരെയുളള മുഹൂര്‍ത്തങ്ങള്‍ ചുവര്‍ശില്‍പ്പങ്ങളായി തിരുവനന്തപുരം ഗുരുദേവ പാര്‍ക്കില്‍ സ്ഥാപിക്കും. കഴിഞ്ഞ ചതയ ദിനത്തില്‍ മുഖ്യമന്ത്രി അനാവരണം ചെയ്‌ത ഗുരുദേവ ന്റെ വെങ്കലപ്രതിമയുടെ ശില്‍പ്പി ഉണ്ണി കാനായി ചുമര്‍ ശില്‍പ്പങ്ങളുടെ അവസാന മിനുക്കുപണികളിലാണ്. ഏതാനും ദിവസങ്ങള്‍ക്കകം ശില്‍പ്പങ്ങള്‍ സ്ഥാപിക്കാനാകും.
ഗുരുവിന്റെ ബാല്യം മുതല്‍ കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നീ കാലഘട്ടങ്ങള്‍ ശില്‍പ്പങ്ങളില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്‌ട, കണ്ണാടി പ്രതിഷ്‌ട, മഹാത്മാഗാന്ധിയും ടാഗോറും ഗുരുവിനെ സന്ദര്‍ശിക്കുന്നത്, ചട്ടമ്പി സ്വാമികളുമായുളള ഗുരുവിന്‍റെ സമാഗമം ഗുരുവി ന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം, എന്നിവ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.
അനീതിക്കും അന്ധവിശ്വാസത്തിനും എതിരെയുളള പോരാട്ടത്തിനൊപ്പം ശൈശവ വിവാഹം, നരബലി, എന്നിവയ്‌ക്കെതിരെയും ശില്‍പ്പങ്ങള്‍ സംസാരിക്കുന്നുണ്ട്. കേരളത്തില്‍ നിലനിന്നിരുന്ന ജാതി വര്‍ണ്ണ വ്യവസ്ഥയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 6 അടി നീളവും നാലടി വീതിയുമുളള 26 ചുവര്‍ ശില്‍പ്പങ്ങളാണ് ഫൈബര്‍ ഗ്ലാസില്‍ വെങ്കല നിറം പൂശി നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ക്കിലെ ചുറ്റുമതിലില്‍ ഏതാനും ദിവസങ്ങള്‍ക്കകം ഇവ സ്ഥാപിക്കും. എട്ടുമാസങ്ങള്‍ കൊണ്ടാണ് ശില്‍പ്പങ്ങള്‍ പൂര്‍ത്തിയായത്.
ഉണ്ണിയുടെ സഹായത്തിനായി ഷൈജിത്ത്, രമേശന്‍, ടിനു, രാജീവന്‍, പ്രണവ്, അനുരാഗ്, അഭിജിത്ത്, മിഥുന്‍ എന്നിവരും ഉണ്ട്. ശില്‍പ്പങ്ങളുടെ നിര്‍മ്മാണത്തിലെ പുരോഗതി സൂം മീറ്റിംഗിലൂടെ സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ. ബാലന്‍, സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്‌ടര്‍ ടിആര്‍ സദാശിവന്‍ നായര്‍ എന്നിവര്‍ വിലയിരുത്തി.
സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ എവി രഞ്‌ജിത്തിന്റെ ഉപദേശങ്ങല്‍ കൂടുതല്‍ ഗുണം ചെയ്‌തെന്നും, ഗുരുവിന്റെ ജീവിതം പഠിച്ചശേഷമാണ് ഈ ദൗത്യത്തിന് തയ്യാറാവുന്നതെന്നും ശില്‍പ്പി ഉണ്ണി കാനായി പറഞ്ഞു.




