കട്ടപ്പന: റവന്യൂ വകുപ്പ് കഴിഞ്ഞ ആഴ്‌ചയില്‍ പുറത്തിറക്കിയ പട്ടയ സംബന്ധമായ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 16.10 .2020 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പട്ടയം സംബന്ധിച്ചുളള യാതൊരു രേഖകളും ലഭ്യമല്ലാത്തതും റവന്യൂ രേഖകളില്‍ ആയതിനനുസരണമായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ലാത്തതുമായ കേസുകളില്‍ നിലവിലെ കൈവശക്കാരന്‍റെ അര്‍ഹത പരിശോധിച്ച് പട്ടയം അനുവദിക്കാമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ പ്രസ്‌തുത ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാകുമെന്നതിനാലും ,വ്യാജ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നതിന് ഇപ്പോള്‍ സ്വീകരിച്ചുവരുന്ന നടപടികളേയും ഇടുക്കിയിലെ വട്ടവട, കൊട്ടക്കമ്പൂര്‍പോലെയുളള പ്രദേശങ്ങളില്‍ നടന്നുവരുന്ന പട്ടയ പരിശോധനാ നടപടികളേയും ദോഷകരമായി ബാധിക്കു മെന്നതിനാലും, മുമ്പ് റദ്ദ് ചെയ്‌തിട്ടുളള പട്ടയങ്ങള്‍ സംബന്ധിച്ച അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ഇടയാക്കുമെന്നതിനാലും പ്രസ്‌തുത സര്‍ക്കുലറിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തി പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
പുതുക്കിയ ഉത്തരവനുസരിച്ച് വസ്‌തു കൈവശക്കാരന്‍റെ അസല്‍ പട്ടയം നഷ്‌ടപ്പെട്ടിട്ടുളള ,സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ ഓഫീസുകളില്‍ പട്ടയ ഫയല്‍ ലഭ്യമായിരിക്കുകയും ,നമ്പര്‍-1, നമ്പര്‍-2 രജിസ്റ്ററുകള്‍ , പതിവ് ലിസ്റ്റ്, റീസര്‍വ്വേ ലാന്‍റ് രജിസ്റ്റര്‍,കൂടുതല്‍ കുറവ് രജിസ്‌റ്ററുകള്‍ ഉള്‍പ്പടെയുളള രേഖള്‍ എന്നിവയിലെ രേഖപ്പെടുത്തലുകള്‍ ശരിയായിരിക്കുകയും പതിവ് തുകകള്‍ ഖജനാവില്‍ ഒടുക്കുവരുത്തിയിട്ടുളളത് സംബന്ധിച്ചുളള രേഖകള്‍ ലഭ്യമായിരിക്കുകയും ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ അക്കൗണ്ടില്‍ ഭൂനികുതി ഒടുക്കി വരുന്നതുമായ ഫയല്‍ പ്രകാരമുളള കൈവശ ഭൂമിയാണെന്ന് ഉറപ്പുവരുത്തി പട്ടയത്തിന്റെ ആധികാരികത ഉറപ്പുവരുത്തുകയും ചെയ്‌ത ശേഷം നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തിയാണ് പുതിയ ഉത്തരവ്.
1964ലെ കേരള ഭൂമി പതിവ്‌ചട്ടങ്ങള്‍, 1965 ലെ കേരള മുനിസിപ്പല്‍,കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങള്‍ 1993 ലെ 01.01.1977 ന് മുമ്പ് വനഭൂമിയില്‍ നടത്തിയിട്ടുളള കുടിയേറ്റങ്ങള്‍ ക്രമീകരിക്കുന്നതിനായുളള പ്രത്യേ ഭൂമി പതിവ് ചട്ടങ്ങള്‍ എന്നീ പതിവ് ചട്ടങ്ങള്‍ പ്രകാരം അനുവദിച്ച പട്ടയങ്ങള്‍ക്ക മാത്രമേ ഈ ഉത്തരവിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുകയുളളുവെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

