ന്യൂഡല്‍ഹി ഡിസംബര്‍ 2: സവാളവില വര്‍ധന തടയാനും ആഭ്യന്തര വിതരണം വര്‍ധിപ്പിക്കാനും തുര്‍ക്കിയില്‍ നിന്ന് 11,000 ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് ഇറക്കുമതി ചുമതല. വിലക്കയറ്റം പിടിച്ചു നിര്‍ത്താനായി നേരത്തെ ഈജിപ്റ്റില്‍ 6,090 ടണ്‍ ഇറക്കുമതി ചെയ്യാന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.
നിലവില്‍ പ്രധാന നഗരങ്ങളില്‍ കിലോഗ്രാമിന് 75-120 രൂപയാണ് സവാളയുടെ വില. സര്‍ക്കാര്‍ ഇതിനകം തന്നെ കയറ്റുമതി നിരോധിക്കുകയും മൊത്തക്കച്ചവടക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും അനിശ്ചിതകാലത്തേക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സവാള വില നിരീക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ധനമന്ത്രി, ഉപഭോക്തൃകാര്യ മന്ത്രി, കൃഷിമന്ത്രി എന്നിവര്‍ ഉള്‍പ്പെട്ട മന്ത്രിതല സമിതിയും ഇതിനകം രൂപീകരിച്ചു.

