ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധിയിൽ അപ്പീൽ പോകണമെന്ന് കോൺഗ്രസും, ഇടതുപക്ഷവും. വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി വിധി നാണം കെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. “നീതിയുടെ സമ്പൂര്‍ണ്ണ ചതി. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടു. പിന്നെ ഇത് സ്വയം പൊട്ടിത്തകരുകയായിരുന്നോ?ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് അന്നത്തെ സി.ജെ.ഐയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ വിധി നാണക്കേട്” അദ്ദേഹം ട്വിറ്ററില്‍ എഴുതി.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതേവിട്ട സി.ബി.ഐ പ്രത്യേക കോടതിവിധിക്കെതിരെ നേരത്തെ പ്രശാന്ത് ഭൂഷനും രംഗത്തെത്തിയിരുന്നു. പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.

