ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, വനിതാ കമ്മിഷൻ അധ്യക്ഷ തുടങ്ങിയവരെ കുറിച്ച് അശ്ളീല കഥകൾ യൂട്യൂബിൽ പ്രചരിപ്പിച്ചയാളെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും മാപ്പു പറയിപ്പിച്ചു, കരി ഓയിൽ ഒഴിച്ചു. കേസ് കൊടുത്തിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ഭാഗ്യലക്ഷ്മി

കോഴിക്കോട്: ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംസ്ഥാനത്തെ ആദ്യത്തെ വനിതാ കമ്മിഷൻ അധ്യക്ഷ തുടങ്ങി സമൂഹത്തിൽ അറിയപ്പെടുന്ന സ്ത്രീകളെ കുറിച്ച് ലൈംഗിക പരാമർശങ്ങളും അശ്ളീല കഥകളും യൂട്യുബിലൂടെ വിറ്റഴിച്ച മധ്യവയസ്ക്കന് ഭാഗ്യലക്ഷ്മി അടക്കമുള്ള സ്ത്രീകളുടെ അടി കിട്ടി. വിജയ്.പി.നായർ എന്ന പേരിൽ , ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നു പരിചയപ്പെടുത്തുന്ന ഇയാളെ താമസിച്ച ലോഡ്ജിൽ എത്തിയാണ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന ,ശ്രീലക്ഷ്മി അറയ്ക്കൽ തുടങ്ങിയവരുടെ സംഘം ചോദ്യം ചെയ്തത്.

ഫെമിനിസ്റ്റുകൾ എന്തുകൊണ്ട് അടിവസ്ത്രം ധരിക്കുന്നില്ല എന്ന ക്യാപ്ഷനിൽ ഇയാൾ യൂട്യൂബിൽ പ്രചരിപ്പിച്ച വീഡിയോയിൽ വനിതാ കമ്മിഷൻ അധ്യക്ഷയെയും ഡബ്ബിംഗ് ആർട്ടിസ്റ്റിനെയും തിരിച്ചറിയാനുള്ള എല്ലാ വിധ സൂചനയും നൽകി അവിഹിത കഥകളുമായി ചേർത്താണ് പ്രചരിപ്പിക്കുന്നത്.

ഈ വീഡിയോയ്ക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടും കോവിഡ് സാഹചര്യം എന്ന് വ്യക്തമായി പോലീസ് നടപടിയെടുത്തില്ല എന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

തുടർന്നാണ് ഭാഗ്യലക്ഷ്മി, ദിയസന എന്നിവർ അടങ്ങിയ സ്ത്രീകളുടെ സംഘം ഇയാൾ താമസിക്കുന്ന സ്ഥലം മനസിലാക്കി എത്തി ചോദ്യം ചെയ്തത്.

സ്ത്രീകൾ ഇയാളെ തടഞ്ഞുവെച്ച് വീഡിയോയിലെ കാര്യങ്ങൾ ചോദിക്കുകയും മാപ്പു പറയിക്കുകയും ചെയ്തു. ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീസംഘം തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കാനായി എത്തി.

സാമൂഹികമാധ്യമങ്ങളിലൂടെ ആര്‍ക്കും ആരേയും എന്തും പറയാമെന്നാണോയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് ചോദിച്ചു. മാധ്യമങ്ങളോട് അവർ നടന്ന കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയാണ്.

‘കുറച്ചു ദിവസമായിട്ട് ഡോ.വിജയ് പി നായര്‍ എന്ന് പറയുന്ന ഒരാള്‍ സ്ഥിരമായി കേരളത്തിലെ സ്ത്രീകളെ അപമാനിക്കുകയാണ്. കേരളത്തിലെ ഫെമിനിസ്റ്റുകള്‍ അടിവസ്ത്രം ധരിക്കാത്തത് എന്തുകൊണ്ടാണ് എന്ന രീതിയില്‍ അയാള്‍ ഒരു വീഡിയോ ചെയ്യുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നു. ആര് എപ്പോള്‍ വിളിച്ചാലും പോകാന്‍ തയ്യാറായിരിക്കുകയാണ് അവര്‍ എന്ന അര്‍ഥത്തിലാണ് അയാളിത് പറയുന്നത്. ഒരു വീഡിയോയില്‍ കേരളത്തിലെ വനിതാകമ്മിഷന്‍ ആദ്യ ചെയര്‍പേഴ്‌സണായ സ്ത്രീ എന്നു പറഞ്ഞ് സുഗതകുമാരിയമ്മയെ കുറിച്ച് അയാള്‍ അരോചകമായി സംസാരിക്കുകയാണ്. മലയാള സിനിമയിലെ നടികള്‍ക്ക് ശബ്ദം കൊടുക്കുന്ന ഒരു സ്ത്രീ ഓരോ സിനിമയ്ക്കും ഓരോരുത്തരുടെ കൂടെ പോയിക്കിടക്കുന്നു എന്ന് പറയുന്നു.

ഇയാള്‍ക്കെതിരേ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നു, ഞാനല്ല മറ്റുപലരും കൊടുത്തിരുന്നു. പക്ഷേ ഇതുവരെയായിട്ടും നടപടിയുണ്ടായില്ല. അതോടെയാണ് ഇന്ന് ഞങ്ങള്‍ അയാളെപ്പോയിക്കണ്ടത്. ആക്ടിവിസ്റ്റ് ശ്രീലക്ഷ്മിയാണ് ഇയാള്‍ക്കെതിരെ ആദ്യം പ്രതികരിക്കുന്നത്. പക്ഷേ നടപടി ഉണ്ടാകാതായതോടെ ഞങ്ങള്‍ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആരും അനങ്ങുന്നതുപോലുമില്ല. എന്താണത്,ആര്‍ക്കും ആരേയും എന്തും പറയാമെന്നാണോ ഇതിനെതിരെ നിയമം ഇല്ലേ ഇവിടേ. ഞങ്ങള്‍ ഇതല്ലാതെ വേറെന്താണ് ചെയ്യേണ്ടത്.

നിയമം കൈയിലെടുക്കരുത് എന്ന കമന്റുകള്‍ വരും പക്ഷേ ഞങ്ങള്‍ ചോദിക്കട്ടേ നിയമം ഞങ്ങള്‍ കൈയില്‍ എടുക്കുന്നില്ല, നിയമപ്രകാരം ഞങ്ങള്‍ പരാതി നല്‍കിയല്ലോ അതെന്തായി” എന്നാണ് ‘ ഭാഗ്യലക്ഷ്മിയുടെ ചോദ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →