കെ.എൽ രാഹുലിൻ്റെ അവിസ്മരണീയ പ്രകടനത്തിലൂടെ പഞ്ചാബിന് മിന്നുന്ന ജയം

ദുബൈ: കെ.എൽ രാഹുലിൻ്റെ അവിസ്മരണീയമായ പ്രകടനത്തിലൂടെ ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന് തകർപ്പൻ വിജയം. രാഹുലിന്‍റെ അതിഗംഭീര സെഞ്ച്വറിയുടെ മികവില്‍ 97 റണ്‍സിനാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ പഞ്ചാബ് പരാജയപ്പെടുത്തിയത്. പഞ്ചാബിൻ്റെ 207 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ബാംഗ്ലൂരിന്‍റെ ഇന്നിംഗ്സ് 17 ഓവറില്‍ 109 റണ്‍സില്‍ അവസാനിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലി ഒരു റണ്‍സെടുത്ത് പുറത്തായി. 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും 28 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്സും മാത്രമാണ് ബാംഗ്ലൂർ നിരയിൽ തിളങ്ങിയത്. മൂന്നു വിക്കറ്റെടുത്ത രവി ബിഷ്നോയിയും രണ്ടു വിക്കറ്റെടുത്ത സെല്‍ഡന്‍ കോട്റലും ചേര്‍ന്നാണ് ബാംഗ്ലൂരിനെ ദയനീയ സ്കോറിലേക്ക് ഒതുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് അടിച്ചുകൂട്ടി. ട്വൻ്റി ട്വൻറി ക്രിക്കറ്റിൻ്റെ എല്ലാ സൗന്ദര്യവും സ്വന്തം ബാറ്റിലേക്ക് ആവാഹിച്ച പ്രകടനമായിരുന്നു ഇന്ത്യൻ താരം കെ.എൽ .രാഹുൽ പുറത്തെടുത്തത്. 68 പന്ത് നേരിട്ട രാഹുല്‍ 132 റണ്‍സെടുത്ത് രാഹുൽ പുറത്താകാതെ നിന്നു. ഏഴു സിക്സറും 14 ബൌണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിഗ്സ്. ഈ ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ച്വറിയാണ് രാഹുല്‍ ഇന്ന് നേടിയത്. ഐപിഎല്‍ ചരിത്രത്തില്‍ രാഹുലിന്‍റെ രണ്ടാമത്തെ സെഞ്ച്വറിയുമായിരുന്നു ഇത്. രാഹുലിനെ കൂടാതെ 26 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. രാഹുലും മായങ്കും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് നേടി. പിന്നീട് ഒരു വശത്ത് ഉറച്ചുനിന്ന കെ.എല്‍ രാഹുല്‍ പഞ്ചാബിൻ്റെ വിജയശിൽപിയായി.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച രാഹുല്‍ 62 പന്തിലാണ് തന്‍റെ രണ്ടാം ഐപിഎല്‍ സെഞ്ച്വറി തികച്ചത്. ബാംഗ്ലൂരിനുവേണ്ടി 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ശിവം ദുബെയും 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹലുമാണ് ബൌളിങ്ങില്‍ തിളങ്ങിയത്.

ഇനി ഷാര്‍ജയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് കിങ്സ് ഇലവന്‍ പഞ്ചാബിന്‍റെ മത്സരം. സെപ്റ്റംബര്‍ 28ന് ദുബായില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സും ഏറ്റുമുട്ടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →