കാർഷിക ബില്ലിനെ ന്യായീകരിച്ചും എതിർത്തും പാർട്ടികള്‍

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾ രാജ്യത്ത് ചൂടേറിയ കർഷക പ്രക്ഷോഭത്തിനാണ് വഴിവച്ചിരിക്കുന്നത്. എൻ ഡി എ യിൽ തന്നെ അസ്വാരസ്യങ്ങളുണ്ടാക്കിയ കാർഷിക ബില്ലുകളെ ഈ നൂറ്റാണ്ടിൻ്റെ അനിവാര്യതയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി കർഷകർക്ക് നേരിട്ട് വിപണി ലഭ്യമാക്കുന്നതാണ് ബില്ലുകളെന്ന് അദ്ദേഹം പറയുന്നു. വിപണി – കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുക, കര്‍ഷകര്‍ക്ക് സ്വതന്ത്ര വിപണിയില്‍ ഇടപെടാനുള്ള അവസരം സൃഷ്ടിക്കുക, അവരുടെ ഉത്പന്നങ്ങള്‍ക്ക് വില ഉറപ്പുനല്‍കുക തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചുകൊണ്ട് കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ നല്‍കിയത്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ളിടത്ത് വില്‍പന നടത്താന്‍ സാധിക്കുന്ന വിധത്തില്‍ രാജ്യത്തിന്റെ ഏത് ഭാഗത്തും വിപണി തുറന്നിട്ടുകൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് കേന്ദ്ര സർക്കാരിൻ്റെ അവകാശവാദം. കാര്‍ഷിക മേഖലയില്‍ ഉത്പാദന വര്‍ദ്ധനവ് ലക്ഷ്യം വെച്ചുകൊണ്ട് വന്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും ബി ജെ പിയും കേന്ദ്ര സർക്കാരും പറയുന്നു.

എന്നാൽ ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവർ കേന്ദ്ര സർക്കാരിൻ്റെ അവകാശവാദങ്ങളെ സമ്പൂർണമായി നിരാകരിക്കുന്നു എന്നു മാത്രമല്ല , ഇന്ത്യൻ കാർഷിക രംഗത്തെയാകെ കോർപ്പറേറ്റ് ചൂഷണങ്ങൾക്ക് വിട്ടുകൊടുക്കുന്നതാണ് ബില്ലുകൾ എന്ന് തറപ്പിച്ചു പറയുകയും ചെയ്യുന്നു.

കാർഷികോൽപന്ന വ്യാപാര – വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും ) ബിൽ, കർഷക ശാക്തീകരണ – സംരക്ഷണ ബിൽ , അവശ്യ വസ്തു ഭേദഗതി ബിൽ എന്നിവയാണ് കേന്ദ്ര സർക്കാർ പാസാക്കിയത്.

കാർഷികോൽപന്ന വ്യാപാര – വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും ) ബിൽ പ്രകാരം കാർഷികോൽപ്പന്നങ്ങൾ സംസ്ഥാനങ്ങൾക്കകത്തും അന്തർ സംസ്ഥാന തലത്തിലും പരിധിയില്ലാതെ കടത്താം. പ്രാഥമിക കാർഷിക വിപണികൾക്കു പുറത്തു നിന്നും സംഭരണം നടത്താം. ഉൽപന്നങ്ങൾ പരിധിയില്ലാതെ സംഭരിക്കാം. കാർഷികോൽപന്നങ്ങൾ ഇ- വിപണി വഴി സംഭരിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യാം. കമ്പനികൾക്കും പാർട്ണർ ഷിപ്പ് സ്ഥാപനങ്ങൾക്കും കാർഷികോൽപന്നങ്ങൾ ഇത്തരത്തിൽ സംഭരിക്കാം. സംഭരണം നടത്തുന്നവരിൽ നിന്നും വ്യാപാരികളിൽ നിന്നും സംസ്ഥാനങ്ങൾ ഫീസ് ഈടാക്കുകയും ചെയ്യരുത്. ഇടനിലക്കാരെ ഒഴിവാക്കി കർഷകരെ സഹായിക്കുന്ന ബില്ലായാണ് കേന്ദ്ര സർക്കാർ ഇതിനെ അവതരിപ്പിച്ചിട്ടുള്ളത്.

എന്നാൽ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തുറന്നു കൊടുക്കുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകൾ എന്ന് പ്രക്ഷോഭത്തിലുള്ള കർഷക സംഘടനകൾ ആരോപിക്കുന്നു. ഇപ്പോൾ പ്രാഥമിക കാർഷിക വിപണന സമിതികൾക്കു മാത്രമാണ് സംഭരണ അവകാശമുള്ളത്. പുതിയ നിയമത്തോടെ മെച്ചപ്പെട്ട വില നൽകി കോർപ്പറേറ്റുകൾ സംഭരണം തുടങ്ങും. മെച്ചപ്പെട്ട വില എന്നത് തുടക്കത്തിൽ മാത്രമായിരിക്കും ഉണ്ടാവുക. കോർപറേറ്റുകൾ വിപണി പിടിച്ചെടുത്തുകഴിഞ്ഞാൽ പ്രാഥമിക കാർഷിക വിപണന സമിതികൾ തകരും. പിന്നീട് വിപണിയുടെ നിയന്ത്രണം പൂർണമായും കോർപ്പറേറ്റുകളുടെ കയ്യിലാകും. ഇതോടെ അവർ തുച്ഛമായ വിലയ്ക്ക് ഉൽപന്നങ്ങൾ വാങ്ങാനാരംഭിക്കുകയും കൊള്ള ലാഭത്തിന് വിൽക്കുകയും ചെയ്യും. സംഭരണ ഫീസ് എടുത്തു കളയുന്നത് സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടമുണ്ടാക്കുമെന്നും വിമർശകർ പറയുന്നു.

‘കർഷക ശാക്തീകരണ – സംരക്ഷണ ബിൽ’ പ്രകാരം കൃഷി ഇറക്കുന്നതിനു മുൻപേ തന്നെ കർഷകർക്കും സംഭരണം നടത്താൻ ഉദ്ദേശിക്കുന്നവർക്കും തമ്മിൽ കരാറുണ്ടാക്കാം. ഇത്തരത്തിൽ അഞ്ച് വർഷം വരെ കാലാവധിയുള്ള കരാർ ഉണ്ടാക്കി വില നിശ്ചയിച്ച് വ്യവസ്ഥ ചെയ്യാം. തർക്കങ്ങൾ പരിഹരിക്കാൻ സബ്ഡിവിഷൻ മജിസ്ട്രേറ്റ് തലത്തിൽ സംവിധാനം ഉണ്ടാക്കണം. ഇത്തരത്തിൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന കരാർ കൃഷി കാർഷിക രംഗത്തിൻ്റെ കുതിച്ചു ചാട്ടത്തിനു കാരണമാകുമെന്ന് സർക്കാർ പറയുന്നു.

എന്നാൽ കർഷകരെ കടക്കെണിയിൽ പെടുത്തുന്ന ബില്ലാണിതെന്ന് പ്രക്ഷോഭകർ ആരോപിക്കുന്നു. കർഷകരിൽ ബഹു ഭൂരിപക്ഷവും സാമ്പത്തിക പ്രതിസന്ധിയിലാണ്. കൃഷിയിറക്കാൻ മുൻകൂർ പണം നൽകുന്നുവെന്ന പേരിൽ തുച്ഛമായ വിലയിൽ കുത്തകകൾ സംഭരണം നടത്തും. കർഷകർ കടക്കെണിയിൽ പെടുകയും ചെയ്യും. കോർപ്പറേറ്റ് താൽപര്യ സംരക്ഷണാർത്ഥം അന്തക വിത്തുകളെ പോലുള്ളവ കൃഷി ചെയ്യാൻ കർഷകർ നിർബന്ധിതരാകുമെന്നും വിമർശകർ പറയുന്നു.

‘അവശ്യവസ്തു നിയമ ഭേദഗതി ബിൽ’ കാർഷിക രംഗത്തെ സർക്കാർ നിയന്ത്രണം പരിമിതപ്പെടുത്തുന്നതാണ്. ഭക്ഷ്യവസ്തുക്കൾ, വളം, പെട്രോളിയം ഉൽപന്നങ്ങൾ, എന്നിവ സ്വകാര്യ വ്യക്തികൾ പരിധിയില്ലാതെ സംഭരിക്കുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാൻ സർക്കാരിനുണ്ടായിരുന്ന അധികാരം ഈ ബിൽ പരിമിതപ്പെടുത്തും .
പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കും ഈ ബില്ല് കാരണമാകുമെന്നാണ് വിമർശകർ പറയുന്നത്.

തയ്യാറാക്കിയത് : നിശാന്ത് പരിയാരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →