ആലപ്പുഴ: സ്ത്രീധനം കുറവായതിനാല്‍ കാമുകന് വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശിയും ബി.എസ്.സി. നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന (21)യാണ് ആത്മഹത്യ ചെയ്തത്. 12-9-2020 ശനിയാഴ്ചയാണ് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒതളങ്ങ എന്ന വിഷക്കായ കഴിച്ചതാണ് മരണത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അര്‍ച്ചന യുവാവിനോട് വിളിച്ചു പറഞ്ഞിരുന്നു. യുവാവ് തന്റെ സുഹൃത്തു മുഖേന ഇക്കാര്യം അര്‍ച്ചനയുടെ വീട്ടിലറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
കണ്ടല്ലൂര്‍ സ്വദേശിയും മുന്‍ സഹപാഠിയുമായ യുവാവുമായി അര്‍ച്ചനയുടെ വിവാഹം പറഞ്ഞുറപ്പിച്ചിരുന്നു. പ്രണയത്തെ തുടര്‍ന്ന് യുവാവ് അര്‍ച്ചനയുടെ വീട്ടിലെത്തി മകളെ വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം വിവാഹം നടത്തി തരാമെന്ന് അര്‍ച്ചനയുടെ വീട്ടുകാര്‍ ഉറപ്പു നല്കി. എന്നാല്‍ ഈയിടെ അര്‍ച്ചനയ്ക്ക് നല്‍കാമെന്ന് പറഞ്ഞിരുന്ന സ്ത്രീധനം കുറഞ്ഞു പോയെന്ന് കുറ്റപ്പെടുത്തി യുവാവ് ബന്ധത്തില്‍ നിന്നും പിന്മാറി. മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതോടെയാണ് അര്‍ച്ചന ജീവനൊടുക്കിയത്. മകളുടെ മരണത്തിന് ഉത്തരവാദിയായ യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.
അര്‍ച്ചന യുവാവുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖയും സന്ദേശങ്ങളും വീട്ടുകാര്‍ക്ക് ലഭിച്ചു. ശബ്ദരേഖയില്‍ അര്‍ച്ചനയോട് പോയി ചാകാന്‍ പറഞ്ഞ യുവാവ് ഇപ്പോള്‍ ഉറപ്പിച്ച വിവാഹത്തിന് ശേഷം വിവാഹമോചനം നേടി അര്‍ച്ചനയെ തന്നെ വിവാഹം ചെയ്യാമെന്നും സമാധാനിപ്പിച്ചതായി കുടുംബം ആരോപിച്ചു. യുവതിയുടെ അസ്വഭാവിക മരണത്തിലാണ് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്.

